KeralaLatest

വിവാഹിതയാണെന്ന് വെളിപ്പെടുത്തി ലെന, ഭര്‍ത്താവ് ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് കൃഷ്ണന്‍

“Manju”

തന്റെ വിവാഹം കഴിഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നടി ലെന. ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് തന്റെ ഭര്‍ത്താവെന്ന് ലെന വെളിപ്പെടുത്തി. ഈ വര്‍ഷം ജനുവരി 17-നാണ് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായതെന്ന് ലെന സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രിക വിംഗുകള്‍ സമ്മാനിച്ചു. നമ്മുടെ രാജ്യത്തിനും കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണിത്. 2024 ജനുവരി 17-ന് ഞാന്‍ പ്രശാന്തിനെ വിവാഹം ചെയ്തു. പരമ്പരാ?ഗത ചടങ്ങുകളുമായി അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഈ വാര്‍ത്ത നിങ്ങളെ അറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍’. ലെന ഇന്‍സ്റ്റ?ഗ്രാമില്‍ കുറിച്ചു.

കല്യാണ സാരിയില്‍ പ്രശാന്തിനൊപ്പം നില്‍ക്കുന്ന വിവാഹ ചിത്രവും ഇന്ന് വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ പ്രശാന്തിനൊപ്പമുള്ള ചിത്രവും ലെന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്. രചന നാരായണന്‍കുട്ടി, രാധിക, മീര നന്ദന്‍ അടക്കമുള്ള താരങ്ങള്‍ ലെനയ്ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

ഗഗന്‍യാന്‍ ദൗത്യത്തില്‍ ഒരു മലയാളി കൂടിയുണ്ടാകുമെന്ന് അറിയിപ്പ് വന്നിരുന്നെങ്കിലും ആരാണ് അതെന്ന് ഇന്ന് രാവിലെ വരെ അഞ്ജാതമായിരുന്നു. വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ വച്ച് ഉച്ചയോടെ പ്രധാനമന്ത്രിയാണ് പേരുകള്‍ പ്രഖ്യാപിച്ചത്. പ്രശാന്ത് കൃഷ്ണന്‍ നായര്‍ എന്ന് പേര് വന്നതോടെ ആരാണ് പ്രശാന്ത് എന്നും ഏത് നാട്ടുകാരനാണെന്നുമൊക്കെ തിരഞ്ഞുതുടങ്ങി മലയാളികള്‍. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍.

നെന്മാറ സ്വദേശി വിളമ്പില്‍ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ് പ്രശാന്ത്. പാലക്കാട് അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരിക്കെ നാഷനല്‍ ഡിഫന്‍സ് അക്കാഡമിയില്‍ ചേര്‍ന്നു. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കി 1999 ജൂണില്‍ വ്യോമസേനയുടെ ഭാഗമായി. യു.എസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍നിന്ന് ഒന്നാം റാങ്കോടെയാണ് അദ്ദേഹം ബിരുദം നേടിയത്. 1998ല്‍ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയില്‍നിന്ന് സ്വോര്‍ഡ് ഓഫ് ഓണറും സ്വന്തമാക്കി.

 

Related Articles

Back to top button