KeralaLatest

വികസിതഭാരതം എന്ന ലക്ഷ്യത്തിന് സുപ്രധാനപങ്ക് വഹിക്കേണ്ടത് യുവാക്കള്‍- കേന്ദ്രമന്ത്രി വി.മുരളീധരന്‍

“Manju”

പോത്തന്‍കോട്: വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കെത്താന്‍ സുപ്രധാന പങ്ക് വഹിക്കേണ്ടത് യുവാക്കളാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ നെഹ്റു യുവകേന്ദ്ര ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച ജില്ലാതല യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ലോകരാജ്യങ്ങള്‍ ഇന്ന് ഇന്ത്യയുടെ വളര്‍ച്ചയെ ഉറ്റുനോക്കുകയാണ്. നാടിന്റെ പുരോഗതി ജനപങ്കാളിത്തത്തോടെ മാത്രമെ സാദ്ധ്യമാകൂ. ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് നടപ്പിലാക്കേണ്ടുന്ന വികസന സ്വപ്നങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ യുവതലമുറ ചര്‍ച്ച ചെയ്യണമെന്നും അതിനുളള വേദിയായി യൂത്ത് പാര്‍ലമെന്റുകളെ ഉപയോഗപ്പെടുത്തണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

‘എന്റെ ഭാരതം,വികസിത ഭാരതം’ എന്ന വിഷയത്തില്‍ നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച സംസ്ഥാനതല പ്രഭാഷണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൊല്ലം സ്വദേശി ആനന്ദ് വിജയന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം സ്വദേശിനി അനുഷ.എ.എസിന് അന്‍പതിനായിരും രൂപയും മൂന്നാം സ്ഥാനം പങ്കിട്ട സുബിന്‍ തോമസ്, സിദ്ദി.ജെ.നായര്‍ എന്നിവര്‍ക്ക് ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവും ചടങ്ങില്‍ വെച്ച് മന്ത്രി സമ്മാനിച്ചു. മന്‍കിബാത് എന്ന പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ നടന്ന ജില്ലാതല യൂത്ത് പാര്‍ലമെന്റ് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. സ്വാമി ഗുരുസവിധ്, വി.പളനിചാമി ഐ.ഐ.എസ്, എം . അനില്‍കുമാര്‍ , ഡോ. എ.രാധാകൃഷ്ണന്‍ നായര്‍,സന്ദീപ് കൃഷ്ണന്‍ എന്നിവര്‍ വേദിയില്‍

നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ അനില്‍കുമാര്‍.എം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.പളനിചാമി ഐ.ഐ.എസ്, ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. എ.രാധാകൃഷ്ണന്‍ നായര്‍, ജില്ലാ ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍, ജയകുമാര്‍ പളളിപ്പുറം, വസന്ത് കൃഷ്ണന്‍, പദ്മകുമാരി.ഡി എന്നിവര്‍ പങ്കെടുത്തു.

നാനൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ മേരാ യുവ ഭാരത് രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍, പുതിയ ഇന്ത്യ-പുതിയ സംരഭങ്ങള്‍, മന്‍ കി ബാത്, കായികം-ഇന്ത്യയുടെ മൃദുശക്തി തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചയും നടന്നു.

ഉച്ചയ്ക്ക് ശേഷം നടന്ന മോഡല്‍ പാര്‍ലമെന്റ് പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി.

Related Articles

Back to top button