IndiaLatest

തിരുവനന്തപുരം മുതല്‍ കശ്മീര്‍ വരെ പ്രത്യേക ടൂര്‍ പാക്കേജുമായി ഐആര്‍സിടിസി

“Manju”

സാധാരണക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുന്ന ട്രെയിനാണ് ഐആര്‍സിടിസിയുടെ ഭാരത് ഗൗരവ് ട്രെയിൻ. വളരെ കുറഞ്ഞ നിരക്കില്‍ മികച്ച പാക്കേജാണ് എല്ലാ തവണയും റെയില്‍വേ ഒരുക്കുന്നത്. അത്തരത്തില്‍ പുതിയൊരു പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചുവേളിയില്‍ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഒറ്റ യാത്രയില്‍ കാണാനുള്ള അവസരമാണ് നോര്‍ത്ത് വെസ്‌റ്റേണ്‍ ഡിലൈറ്റ് വിത്ത് വൈഷ്‌ണോദേവി ടൂര്‍ പാക്കേജിലൂടെ നല്‍കുന്നത്.

12 രാത്രിയും 13 പകലും നീണ്ട് നില്‍ക്കുന്നതാണ് ഈ യാത്ര. നവംബര്‍ 19-നാകും യാത്ര ആരംഭിക്കുന്നത്. അഹമ്മദാബാദ്, സ്റ്റാച്യു ഓഫ് യൂണിറ്റി, ജയ്പൂര്‍, വൈഷ്‌ണോദേവി, അമൃത്സര്‍ എന്നീ ക്രമത്തിലാകും സന്ദര്‍ശിക്കുക. കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കുന്ന ഭാരത് ഗൗരവ് ട്രെയിന് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. രണ്ട് ദിവസത്തെ ട്രെയിൻ യാത്രയ്‌ക്കൊടുവില്‍ മൂന്നാം ദിനമാണ് അഹമ്മദാബാദിലെത്തി ചേരുക.

തുടര്‍ന്ന് അക്ഷര്‍ധാം സന്ദര്‍ശിക്കാനുള്ള അവസരമാകും ലഭിക്കുക. 22-ാം തീയതി മൊധേര സൂര്യ ക്ഷേത്രം, സബര്‍മതി ആശ്രമം, അദ്‌ലജ് പടവ് കിണര്‍ എന്നിവിടങ്ങള്‍ കാണും. 23-ാം തിയതി സ്റ്റാച്യൂ ഓഫ് യൂണിറ്റി അഥവാ ഏകതാ പ്രതിമ കാണാൻ ഏകതാ നഗറിലേക്ക് പോകും. അവിടുന്ന് രാത്രിയോടെ ജയ്പൂരിലേക്ക് പോകും. 24-ന് ഉച്ചകഴിഞ്ഞ് ജയ്പൂരിലെത്തും. 25-ന് പ്രഭാതഭക്ഷണത്തിന് ശേഷം സിറ്റി പാലസ്, അമര്‍ ഫോര്‍ട്ട്, ഹവ മഹല്‍ എന്നിവ സന്ദര്‍ശിക്കും. വൈകുന്നേരത്തോടെ വൈഷ്‌ണോദേവിയിലേക്കുള്ള യാത്ര ആരംഭിക്കും. 26-ന് വൈകിട്ട് കത്രയിലെത്തും. അന്ന് രാത്രി കത്രയില്‍ ചെലവഴിച്ച്‌ പിറ്റേന്ന് രാവിലെ വൈഷ്‌ണോദേവിയിലേക്ക് പോകാം.

28-ന് അമൃത്സറിലേക്ക് യാത്ര തുടരും. പിറ്റേന്ന് രാത്രിയോടെയാകും അമൃത്സറിലെത്തുക. പിറ്റേന്ന് പ്രബാത ഭക്ഷണത്തിന് ശേഷം ജാലിയൻവാലാബാഗിലേക്കും സുവര്‍ണ ക്ഷേത്രത്തിലേക്കും പോകും. തുടര്‍ന്ന് ഉച്ചയോടെ വാഗ ബോര്‍ഡറിലേക്ക് യാത്ര ആരംഭിക്കും. പിന്നാലെ യാത്ര അവസാനിപ്പിച്ച്‌ കൊച്ചുവേളിയിലേക്ക് പുറപ്പെടാവുന്നതാണ്. ഡിസംബര്‍ ഒന്നിനാകും മടങ്ങിയെത്തുക.

സ്റ്റാര്‍ഡേര്‍ഡ് ക്ലാസില്‍ മുതിര്‍ന്നവര്‍ക്ക് 26,310 രൂപയും അഞ്ച മുതല്‍ 11 വരെ പ്രയാമുള്ളവര്‍ക്ക് 24,600 രൂപയുമാണ് നിരക്ക്. കംഫോര്‍ട്ട് ക്ലാസില്‍ മുതിര്‍ന്നവര്‍ക്ക് 39,240 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികള്‍ക്ക് 37,530 രൂപയുമാണ് നിരക്ക്. സ്റ്റാൻഡേര്‍ഡ് സ്ലീപ്പര്‍ ക്ലാസും കംഫോര്‍ട്ട് തേര്‍ഡ് എസിയും ആയിരിക്കും. ആകെ 754 പേര്‍ക്കാണ് യാത്രയ്‌ക്കുള്ള അവസരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.irctctourism.comഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related Articles

Back to top button