Uncategorized

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാൻ

“Manju”

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ഇതിനായി ഒരു എസ്.പി.വി രൂപികരിക്കും. മെഡിക്കല്‍ കോളേജിനായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന 50 ഏക്കർ ഭൂമി എത്രയും വേഗം ഏറ്റെടുത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയും മറ്റനുബന്ധ പരിശോധനകളും നടത്തണം. ഇത് ജില്ലാ കളക്ടർ ഉറപ്പ് വരുത്തും. എം.പി.

ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന 1.50 കോടി രൂപ ഉപയോഗിച്ച്‌ മോഡ്യുലാർ ഓപ്പറേഷൻ തിയേറ്റർ സജ്ജമാക്കും. മോഡ്യുലാർ ലാബ് എത്രയും വേഗം സജ്ജമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നല്‍കി.ചെറുതോണി ബസ് സ്റ്റാന്റ് മുതല്‍ ഇടുക്കി മെഡിക്കല്‍ കോളേജ് വരെയുള്ള റോഡ് നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നല്‍കി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടക്കുന്ന വികസന പ്രവർത്തനങ്ങള്‍ വേഗത്തിലാക്കും. പുതിയ ആശുപത്രി ബ്ലോക്കിന്റെ സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ ജോലികള്‍ വേഗത്തില്‍ പൂർത്തിയാക്കി ഐ.സി.യു ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കും.

മെഡിക്കല്‍ കോളേജിനുള്ളിലെ റോഡുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കാനും തീരുമാനമായി.ലേഡീസ് ഹോസ്റ്റലിന്റെ നിർമ്മാണം ഒരു മാസം കൊണ്ട് പൂർത്തിയാക്കാൻ നിർദേശം നല്‍കി. ചുറ്റുമതില്‍ നിർമ്മിക്കാനും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനും നടപടി സ്വീകരിക്കും. വൈദ്യുതി വിതരണം സുഗമമാക്കുന്നതിന് 11 കെ.വി. ഫീഡർ ലൈൻ സ്ഥാപിക്കും.

മാലിന്യ സംസ്‌കരണത്തിനായുള്ള സംവിധാനം ഒരുക്കും. നഴ്സിംഗ് കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് ആലോചിക്കും. ഡോക്ടർമാരുടേയും അനുബന്ധ ജീവനക്കാരുടേയും ഹാജർ കൃത്യമായി ഉറപ്പ് വരുത്തണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു.ഇടുക്കി സർക്കാർ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം അവലോകനം ചെയ്യുന്നതിന് മന്ത്രി വീണാ ജോർജ്, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി, എൻ.എച്ച്‌.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

Related Articles

Back to top button