KeralaLatest

ഇന്ദിരയുടെ കാലിനു വയ്യാത്തതാണ്, വടിയും കുത്തിപ്പിടിച്ച് ഓടിയപ്പോഴേക്കും ആന കുത്തി: കണ്ണീരോടെ അയൽവാസി

“Manju”

അടിമാലി∙ ‘‘ഇന്ദിരാമ്മ ഉയരം കുറഞ്ഞ ഒരാളാണ്. കാലിനും വയ്യാത്തതാണ്. പെട്ടെന്ന് ഓടാനൊന്നും പറ്റില്ല. അത് വടിയും പിടിച്ച് പതുക്കെ ഇറങ്ങിയപ്പോഴേക്കും ആന ആക്രമിച്ചു’’ – നേര്യമംഗലം കാഞ്ഞിരവേലിയിൽ വീട്ടമ്മയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം വിവരിച്ച് ഒപ്പമുണ്ടായിരുന്ന അയൽവാസിയായ വീട്ടമ്മ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുണ്ടോകണ്ടത്തിൽ ഇന്ദിരയുടെ അയൽവാസി സൂസനാണ് ഭീതിദമായ കാഴ്ച കണ്ണീരോടെ വിവരിച്ചത്. ഇന്ദിരയ്‌ക്കൊപ്പം സംസാരിച്ചുനിൽക്കുകയായിരുന്ന താനെന്നും മകൻ വിളിച്ചതിനെ തുടർന്ന് വീട്ടിലേക്കു വന്നപ്പോഴായിരുന്നു ആക്രമണമെന്നും സൂസൻ പറഞ്ഞു.

‘‘ചേട്ടൻ അപ്പുറത്ത് കൂവ പറിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് വെള്ളവുമായി പോയതാണ് ഇന്ദിര. ഞാൻ ആ സമയത്ത് കൂവ പറിക്കുന്നതിന് അങ്ങോട്ടു ചെന്നു. ഞങ്ങൾ ആ വഴിയിൽനിന്ന് കുറച്ചുനേരം സംസാരിച്ചു. അപ്പോഴാണ് ഈ ആന വന്നത്. ആന വന്ന കാര്യം ഞങ്ങൾ അറിഞ്ഞില്ല. ആനയെ കണ്ട് എന്റെ മകൻ വീട്ടിൽനിന്ന് അലറിവിളിച്ചു. എനിക്ക് കാര്യം മനസ്സിലായില്ല. ആന വരുന്നു എന്നൊന്നും കരുതിയതേയില്ല.

‘‘ഞാൻ ഇങ്ങോട്ടു വന്നപ്പോഴാണ് ആന വന്നിട്ടാണ് വിളിച്ചതെന്ന് മനസ്സിലായത്. ഉടനെ ഞാൻ ഇന്ദിരാമ്മയെ വിളിച്ചു. ആന വരുന്നുണ്ട്, ഓടി രക്ഷപ്പെടാൻ പറഞ്ഞു. ഇന്ദിരാമ്മ ഉയരം കുറഞ്ഞ ഒരാളാണ്. കാലിനും വയ്യാത്തതാണ്. പെട്ടെന്ന് ഓടാനൊന്നും പറ്റില്ല. അത് വടിയും പിടിച്ച് പതുക്കെ ഇറങ്ങിയപ്പോഴേക്കും ആന അടുത്തെത്തി. ആന ഇന്ദിരാമ്മയെ ചവിട്ടി. കൊലവിളി വിളിച്ച് കുത്തുകയും ചെയ്തു. കുത്തുന്നത് ഞാൻ ഈ കണ്ണുകൊണ്ട് കണ്ടു. എങ്ങനെ സഹിക്കും ഞാൻ. എനിക്ക് സഹിക്കാൻ മേലാ. ഇതിലും ഭേദം എന്നെ കൊന്നുകളയുന്നതായിരുന്നു.

‘‘അവർക്ക് ആനയും മൃഗങ്ങളും മതിയല്ലോ. ഒരു സാധനം വേലയെടുത്ത് ഉണ്ടാക്കിയാൽ കുരങ്ങായിട്ടും മലയണ്ണാനായിട്ടും കാട്ടുപന്നിയായിട്ടും സർവ സാധനോം നശിപ്പിക്കും. ഇവിടുന്ന് ഒരു ആദായം പോലും ഞങ്ങൾക്ക് കിട്ടില്ല. ഞങ്ങളെ കൊന്നൊടുക്കാൻ പറ. നിങ്ങൾ ചെയ്യേണ്ട പണി അതാ. ഞങ്ങളെ അങ്ങ് കൊന്നൊടുക്ക്. മന്ത്രി തന്നെ പറഞ്ഞാ മതി.

‘‘എന്തെങ്കിലും വേദന വരുമ്പോൾ ഇന്ദിരാമ്മയുടെ അടുത്തു ചെന്നാണ് ഞാൻ പറഞ്ഞിരുന്നത്. എനിക്ക് ഇതൊക്കെ പറയാൻ ഇനി ആരാ ഉള്ളത്. എന്റെ സങ്കടം ആരോടു പറയും. ഞങ്ങളെ രണ്ടിനേം ആന ചവിട്ടിക്കൊന്നിരുന്നെങ്കിൽ ഇത്രേം വേദനയുണ്ടാകില്ലായിരുന്നു.’’ – സൂസൻ പറഞ്ഞു.

Related Articles

Back to top button