IndiaLatest

പൗരത്വത്തിന് അപേക്ഷിക്കാം; വെബ്‌സൈറ്റ് സജ്ജം

“Manju”

ഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലും പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാനുള്ള സര്‍ക്കാര്‍ വെബ്‌സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in വെബ്‌സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്.

അപേക്ഷകര്‍ക്ക് സ്വന്തം മൊബൈല്‍ നമ്പറും ഇമെയിലും വേണമെന്നത് നിര്‍ബന്ധമാണ്. വെബ്‌സൈറ്റില്‍ അപേക്ഷിച്ച് നിശ്ചിത ഫീസുമടയ്ക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച, ഇന്ത്യയിലുള്ളവര്‍ അതിന്റെ പകര്‍പ്പ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ച, ഇന്ത്യക്ക് പുറത്തുള്ളവര്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിന് പകര്‍പ്പ് സമര്‍പ്പിക്കണം. അപേക്ഷകന്റെ അപേക്ഷകയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടി സ്വീകരിക്കുമെന്ന് പോര്‍ട്ടലില്‍ വ്യക്തമാക്കുന്നു.

ശക്തമായ വിമര്‍ശനങ്ങള്‍ക്കിടെയാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത്. ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. പൗരത്വം നല്‍കുന്നവര്‍ക്ക് ഡിജിറ്റല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന, ബുദ്ധ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. ഈ വിഭാഗത്തില്‍പ്പെട്ട അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനുള്ള നിയമ തടസങ്ങള്‍ നീങ്ങുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം നേടാനും, വ്യാപാര സ്വാതന്ത്ര്യത്തിനും, വസ്തുവകകള്‍ വാങ്ങാനും പൗരത്വം നേടുന്നവര്‍ക്ക് അവകാശമുണ്ടാകും. ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ളതല്ല നിയമമെന്ന വിശദീകരണവും ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലുണ്ട്. ഇന്ത്യന്‍ വംശജര്‍, ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്തവര്‍, ഇന്ത്യന്‍ പൗരന്റെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, അച്ഛനമ്മമാരില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരന്‍ ആയവര്‍ എന്നിവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം.

Related Articles

Back to top button