IndiaLatest

ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സന്ധുവും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍

“Manju”

ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സന്ധുവും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍|Gyanesh Kumar, Sukhbir Sandhu|Election Commission

മുൻ ഐ എ എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാർ. ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം കമ്മീഷണർമാരായി തിരഞ്ഞെടുത്തതായി പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു.

തീരുമാനത്തില്‍ താൻ വിയോജിപ്പ് രേഖപ്പെടുത്തിയതായി അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. കമ്മീഷണർമാരായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ലഭ്യമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിയോജനക്കുറിപ്പ്.

യോഗത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരി വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ഇരുവരുടെയും നിയമനത്തിന് അത് തടസമാകില്ല. കമ്മീഷണർമാരെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ സർക്കാരിന് ആധിപത്യമുണ്ടെന്നതാണ് ഇതിനു കാരണം. പ്രധാനമന്ത്രിയെക്കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷായും അധീര്‍ രഞ്ജന്‍ ചൗധരിയുമാണ് തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങള്‍.

നേരത്തെ, പ്രധാനന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ ഉണ്ടായിരുന്നത്. സമിതിയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടും പകരം മന്ത്രിയെ ഉള്‍പ്പെടുത്തിക്കൊണ്ടും പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നടപടിയെ അധീര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു. സമിതിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടണമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ് സന്ധുവിനെയും തിരഞ്ഞെടുത്തുകൊണ്ടുള്ള സമിതിയുടെ ശിപാർശ ഇന്നു തന്നെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറിയേക്കും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഇവരുടെ നിയമനം പ്രാബല്യത്തില്‍ വരും. ഇരുവരും നാളെയോടെ ചുമതലയേല്‍ക്കുമെന്നാണ് വിവരം. തുടർന്ന് ഞായറാഴ്ചയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടികള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

Related Articles

Back to top button