IndiaLatest

ഉള്ളി കയറ്റുമതിക്ക് അനശ്ചിതകാല നിരോധനം

“Manju”

ഡല്‍ഹി: രാജ്യത്ത് നിന്നുള്ള ഉള്ളി കയറ്റുമതി നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസര്‍ക്കാര്‍. രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിത തീരുമാനമായി ഇത്. ഡിസംബറില്‍ ഏര്‍പ്പെടുത്തിയ ഉള്ളി കയറ്റുമതി നിരോധനം മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് കയറ്റുമതിക്കാരുടെയാകെ പ്രതീക്ഷ അസ്ഥാനത്താക്കി കേന്ദ്രത്തിന്റെ സര്‍പ്രൈസ് നീക്കം.

ലോകത്തെ ഏറ്റവും വലിയ പച്ചക്കറി കയറ്റുമതിക്കാരാണ് ഇന്ത്യ. ഉള്ളി കയറ്റുമതിയില്‍ ഏഷ്യയില്‍ 50 ശതമാനം വിപണി വിഹിതവും ഇന്ത്യക്കാണ്. 2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.5 ദശലക്ഷം മെട്രിക് ടണ്‍ ഉള്ളിയാണ് ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ചത്. പൊതുവിപണിയില്‍ ഉള്ള വില പകുതിയായി കുറഞ്ഞ സാഹചര്യത്തിലും പുതിയ വിളവെടുപ്പ് സീസണ്‍ ആയതിനാലും കയറ്റുമതി നിരോധനം എടുത്തുകളയുമെന്നാണ് കയറ്റുമതിക്കാര്‍ കരുതിയത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം.

കേന്ദ്ര സര്‍ക്കാരിന്റെ നടപടി അനാവശ്യമെന്നാാണ് കയറ്റുമതിക്കാരുടെ വിമര്‍ശനം. കയറ്റുമതി നിരോധനം വരുന്നതിന് മുന്‍പ് മഹാരാഷ്ട്രയില്‍ 100 കിലോ ഉള്ളിക്ക് 4500 രൂപയായിരുന്നത്, ഇപ്പോള്‍ 1200 രൂപയായിട്ടുണ്ട്. മഹാരാഷ്ട്രയാണ് രാജ്യത്തെ ഏറ്റവും വലിയ ഉള്ളി ഉല്‍പ്പാദകര്‍.

മൂന്നാം വട്ടവും രാജ്യത്ത് അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഉള്ളി വിലക്കയറ്റം മൂലമുള്ള വെല്ലുവിളി ഒഴിവാക്കാനാണ് കയറ്റുമതി നിരോധനം നീട്ടിയത്. രാജ്യത്താകെ നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്. ഏപ്രില്‍ 19 നാണ് വോട്ടെടുപ്പ് ആരംഭിക്കുക.

ഇന്ത്യയില്‍ നിന്നുള്ള ഉള്ളിയാണ് ബംഗ്ലാദേശ്, മലേഷ്യ, നേപ്പാള്‍, യുഎഇ എന്നിവിടങ്ങളിലെ വിപണികളില്‍ കൂടുതലായി വില്‍ക്കപ്പെടുന്നത്. ഇന്ത്യ കയറ്റുമതി നിരോധിച്ച ശേഷം ഇവിടങ്ങളില്‍ ഉള്ളി വില കുത്തനെ ഉയര്‍ന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉള്ളി കയറ്റുമതിയുടെ പാതിയോളം കൈയ്യാളുന്ന ഇന്ത്യയുടെ അഭാവം ചൈനയും ഈജിപ്തും പോലുള്ള രാജ്യങ്ങള്‍ക്കാണ് നേട്ടമാകുന്നത്.

 

Related Articles

Back to top button