KeralaLatest

ഗോവ അന്താരാഷ്ട്ര വിമാനത്താവളം; ഡിസംബര്‍ 11ന് ഉദ്ഘാടനം

“Manju”

ഗോവയിലെ മോപ്പയിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനവും മറ്റ് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഡിസംബര്‍ 11 ന് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നോര്‍ത്ത് ഗോവയിലെ മോപ്പയില്‍ 2,870 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന വിമാനത്താവളം സംസ്ഥാനത്തെ രണ്ടാമത്തെ വിമാനത്താവളം ആയിരിക്കും.

ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 44 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകുമെന്നും പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാക്കിയാല്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ഗോവയില്‍ ഇപ്പോഴുള്ള ദബോലിം വിമാനത്താവളത്തിന് ഒരു വര്‍ഷം 85 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെങ്കിലും ചരക്ക് ഗതാഗതത്തിനുള്ള സൗകര്യം ഇവിടെ ഇല്ലെന്നും അത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 11ന് പ്രധാനമന്ത്രി മോദി ഗോവയിലെത്തുമെന്നും മോപ്പ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

ജിഎംആര്‍ ഗോവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനാണ് 40 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല. ഇത് 20 വര്‍ഷം വരെ നീട്ടിയേക്കാം. നോര്‍ത്ത് ഗോവയിലെ 2,312 ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളം ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ പനാജിയില്‍ നടക്കുന്ന ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് പ്രമോദ് സാവന്ത് അറിയിച്ചു.

Related Articles

Back to top button