KeralaLatest

ഗുരുവിന്റെ ത്യാഗജീവിതത്തിലൂടെയുള്ള പ്രയാണമാണ് ശാന്തിഗിരി ആത്മവിദ്യാലയം : ഡോ.ജി.ആർ.കിരൺ

“Manju”

പോത്തൻകോട്: ഗുരുവിൻ്റെ ത്യാഗജീവിതത്തെയറിഞ്ഞുള്ള ശിഷ്യൻ്റെ ആത്മയാത്രയാണ് ശാന്തിഗിരി ആത്മവിദ്യാലയത്തിലൂടെ സഫലീകൃതമാകുന്നതെന്ന് ഒമാൻ സർക്കാരിൻ്റെ അക്രഡിറ്റേഷൻ അതോറിറ്റി സീനിയർ ക്വാളിറ്റി അഷ്വറൻസ് എക്സ്പെർട്ടും ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റിപേട്രണുമായ (എജ്യുക്കേഷൻ) ഡോ.ജി.ആർ.കിരൺ പറഞ്ഞു. സന്ന്യാസി സന്ന്യാസിനിമാരോടും ബ്രഹ്മചര്യസംഘത്തോടും രക്ഷകർത്തക്കളോടുമായി ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ആശയ സംവേദനം നടത്തുകയായിരുന്നു അദ്ദേഹം.

ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ കാതൽ ഗുരുവിൻ്റെ ത്യാഗമാണ്. ഗുരുവിൻ്റെ ത്യാഗത്തെ അടുത്തറിയുകയാണ് ആത്മവിദ്യാലയത്തിലൂടെ നാം. ഇത് സന്ന്യാസിസന്ന്യാസിനി മാർക്ക് മാത്രമല്ല ഏവർക്കും വേണ്ടിയുള്ളതാണ്. ആശ്രമോദ്ദേശ്യം എന്ന ആശയത്തിന്റെ പ്രചരണമാണ് ആത്മവിദ്യാലയത്തിലൂടെ നടക്കുന്നത്. ഗുരുവിൻ്റെ ആശയം പ്രചരിപ്പിക്കേണ്ടത് നമ്മുടെ ജീവിതം കൊണ്ടാണ്. ആധ്യാത്മികമായ ഒരു ഉയർച്ചയാണ് നാം ആശ്രമത്തിൽ നിന്നും ആഗ്രഹിക്കുന്നതെങ്കിൽ ഗുരുവിൻ്റെ ത്യാഗത്തെക്കുറിച്ച് നാം തീർച്ചയായും മനസിലാക്കണം. ആ ത്യാഗത്തിലൂടെയാണ് ഗുരു പൂർണതയിലെത്തിയത്. ഒരു ബ്രഹ്മനിശ്ചയപ്രകാരമുള്ള തിരുത്ത് ലോക ജനതയ്ക്ക് നൽകാനെത്തിയ ഒരു ജീവനാണ് ഈ കഷ്ടപ്പാടെല്ലാം സഹിച്ചതെന്ന് നാം ഓർക്കണം.

ഗുരുവിൻ്റെ ജീവിതത്തിലെ ശൈശവം മുതലുള്ള ഓരോ കാലഘട്ടത്തിലും കൂടുതൽ കൂടുതൽ ത്യാഗത്തിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ഗുരു ഈ ത്യാഗമെല്ലാം സഹിച്ചത് നമുക്ക് വേണ്ടിയാണ്. ആ ത്യാഗത്തെ നാം എത്രമാത്രം എടുത്തിട്ടുണ്ട്, ദൈനംദിന ജീവിതത്തിൽ കൊണ്ടുവന്നിട്ടുണ്ട് എന്ന് നാം ചിന്തിക്കണം. എവിടെയാണ് നിൽക്കുന്നത്, എന്താണ് പ്രവർത്തിക്കേണ്ടത് എന്ന ബോധ്യം നമുക്കുണ്ടാകണം. വീട്ടുകാർക്ക് സന്ന്യാസിമാരോടും ബ്രഹ്മചാരിമാരോടുമുള്ള സ്നേഹം അവരുടെ ആദ്ധ്യാത്മിക വളർച്ചയെ തടയുന്നതാകരുത്. ആശ്രമ ജീവിതം നയിക്കുന്നവർ മറ്റൊരാൾക്ക് ഒരു പ്രശ്നം ഉണ്ടാവുകയാണെങ്കിൽ അത് ഗുരുവിലെത്തിക്കാൻ സദാ ശ്രദ്ധിക്കണം.

ഗുരു ആദിസങ്കല്പത്തിൽ ലയിച്ചത് നമുക്കെല്ലാം നൽകിയിട്ടാണ്. പരിപൂർണ്ണയായ ഒരു ശിഷ്യയെ നമുക്ക് തന്നു. അഭിവന്ദ്യ ശിഷ്യപൂജിതയുടെ ജീവിതത്തിലും ത്യാഗസുരഭിലമായ നിരവധി മുഹൂർത്തങ്ങൾ കാണാം. പല മഹാത്മാക്കളും അവരുടെ ജീവിതത്തിലെ ചില നിർണായക വേളകളിൽ വേദന താങ്ങാൻ സാധിക്കാത്തതിനാൽ മുന്നോട്ടുപോകാൻ കഴിയാതെ പോയിട്ടുണ്ട്. എന്നാൽ ഗുരുവിന്റെയും ശിഷ്യപൂജിതയുടെയും ജീവിതത്തിൽ ആർക്കും താങ്ങാൻ കഴിയാത്ത വേദനകൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ അത് ജീവിതയാത്രയുടെ ഭാഗമായി വന്ന ഒരവസ്ഥയായി കണ്ടുകൊണ്ട് മുന്നോട്ട് പോയിട്ടുണ്ട്. നമ്മുടെ വിശ്വാസം ഗുരുവിൻ്റെ ത്യാഗവുമായും അഭിവന്ദ്യ ശിഷ്യപൂജിതയുടെ ജീവിതവുമായി ചേർത്ത് വച്ച് പോകുവാനുള്ള അറിവ് ശാന്തിഗിരി ആത്മവിദ്യാലയത്തിലൂടെ ഏവർക്കും ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ഓഫീസ് ഓഫ് ദ ജനറൽ സെക്രട്ടറി ജനനി ദിവ്യ ജ്ഞാനതപസ്വിനി, ആർട്സ് ആൻ്റ് കൾച്ചർ ഡിപ്പാർട്ട്മെൻ്റ് ഹെഡ് ജനനി കൃപ ജ്ഞാനതപസ്വിനി, സന്ന്യാസി സന്ന്യാസിനിമാർ, ബ്രഹ്മചാരി ബ്രഹ്മചാരിണികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. ബ്രഹ്മചാരി ജി.ഗുരുപ്രിയൻ സ്വാഗതവും ബ്രഹ്മചാരിണി എം.സച്ചിത കൃതജ്ഞതയും അർപ്പിച്ചു.

Related Articles

Back to top button