IndiaLatest

ദേ വന്നു മീന്‍ , ദാ ചട്ടിയിലാക്കാന്‍ ഫിഷ് വെന്‍ഡിങ് കിയോസ്കുകള്‍

“Manju”

കൊല്ലം : മീന്‍ കൂട്ടിയേ ചോറുണ്ണൂ എന്നുള്ളവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. വാങ്ങിയ മീന്‍ ചെതുമ്ബല്‍ കളഞ്ഞ്, വൃത്തിയാക്കിയെടുക്കാനാണല്ലോ പ്രയാസം. ഇത് പരിഹരിക്കുകയാണ് ഫിഷറീസ് വകുപ്പ്. മീന്‍ വാങ്ങി നേരെ അടുക്കളയില്‍ കൊണ്ടുപോയി ചട്ടിയിലിട്ട് വേവിച്ചാല്‍ മതി. മത്സ്യവിപണനരംഗം അടിമുടി മാറ്റിമറിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ സംവിധാനം.
ചെതുമ്പലുകള്‍ നീക്കാവുന്നതും മത്സ്യം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാവുന്നതുമായ ശീതീകരണ സംവിധാനമുള്ള റഫ്രിജറേറ്റഡ് മൊബൈല്‍ ഫിഷ് വെന്‍ഡിങ് കിയോസ്കുകള്‍ സ്ഥാപിച്ചാണ് സര്‍ക്കാര്‍ വിപണനരംഗം ആധുനീകരിക്കുന്നത്. തീരദേശ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും കോട്ടയത്തിനുമാണ് ഈ കിയോസ്കുകള്‍ ലഭ്യമാകുക.
എറണാകുളം ആറ്, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ നാലുവീതം, തൃശൂര്‍, കോഴിക്കോട്, കോട്ടയം രണ്ടുവീതം, കണ്ണൂര്‍, കാസര്‍കോട് ഓരോന്ന് എന്നിങ്ങനെയാണ് അനുവദിച്ചത്. വനിതാ മത്സ്യത്തൊഴിലാളി സഹായ സംഘത്തിന്റെ (സാഫ്) കീഴിലുള്ള ചെറുകിട വിപണനകേന്ദ്രങ്ങളില്‍ അടുത്ത മാസത്തോടെ ലഭ്യമാകും. ഒരു കിയോസ്കില്‍ രണ്ടു സ്ത്രീത്തൊഴിലാളികള്‍ക്ക് ജോലിചെയ്യാം. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍നിന്ന് 20ലക്ഷം വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ഇതാണ് കിയോസ്ക്
ചക്രങ്ങളുള്ളതിനാല്‍ ഒരുടത്തുനിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ കൊണ്ടുപോകാവുന്ന കിയോസ്ക് രൂപകല്‍പ്പന ചെയ്തത് കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ്. അഞ്ചു ഡിഗ്രിവരെ സെല്‍ഷ്യസിനിടയിലുള്ള ഊഷ്മാവില്‍ നൂറു കിലോ വരെ മത്സ്യം അഞ്ചു ദിവസത്തോളം സൂക്ഷിക്കാം. 20കിലോ ഐസും കരുതാം. ഓട്ടോമാറ്റിക് ആയതിനാല്‍ മൂന്നു മണിക്കൂറിന് ഒരു യൂണിറ്റ് വൈദ്യുതി മതി. ചെതുമ്ബല്‍ നീക്കാനും മുറിക്കാനും മാലിന്യം നീക്കാനും സംവിധാനമുണ്ട്. ഒരു കിയോസ്കിന് 16,093 രൂപയാണ് വില. രണ്ടു തൊഴിലാളികള്‍ അടങ്ങുന്ന ഒരു യൂണിറ്റിന് ഗുണഭോക്തൃ വിഹിതമായി നല്‍കേണ്ടത് 11,600 രൂപയാണ്.

Related Articles

Back to top button