KeralaLatest

അന്നദാനം എന്ന മഹത്വകര്‍മ്മം; ഗുരുവിന്റെ ശിവഗിരിയിലെ 17 വര്‍ഷങ്ങള്‍

“Manju”

ഹൃദയത്തില്‍ വിശുദ്ധിയുടെ സുവര്‍ണമുദ്ര പതിപ്പിച്ച് ഗുരുവിന്റെ മഹത്വവും ഈശ്വര തുല്യമായ ചൈതന്യവുമുള്ള ഒരാള്‍. അതാണ് നവജ്യോതി ശ്രീകരുണാകര ഗുരു. ആ ഗുരു കുട്ടിക്കാലത്ത് തന്നെ ആശ്രമം ജീവിതം ഇഷ്ടപ്പെട്ടിരുന്നു. അതിനായി ആശ്രമം തേടി വീടു വിട്ടിറങ്ങി. ആദ്യം ആഗമാനന്ദാശ്രമത്തിലും പിന്നീട് അദ്വൈതാശ്രമത്തിലും തുടര്‍ന്ന് ശിവഗിരിയിലുമെത്തി.

ശിവഗിരിയില്‍ എത്തിയപ്പോള്‍ തന്നെ ഒട്ടേറെ ജോലികള്‍ ഗുരുവിന് ഏറ്റെടുക്കേണ്ടതായി വന്നു. ഗുരു തികഞ്ഞ കര്‍മ്മ സ്‌നേഹിയായിരുന്നു. ഏറ്റവും ചെറിയ ജോലി പോലും വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമാണ് ചെയ്തിരുന്നത്. ഗുരു ശിവഗിരിയില്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ടു. ആശ്രമത്തിലെ പാചകശാല ഗുരുവിന്റെ മുഖ്യകര്‍മ ഭൂമിയായിരുന്നു. പാചകശാലയില്‍ അതുവരെ ആവശ്യമായിരുന്നതിന്റെ പകുതിമാത്രം തുകകൊണ്ട് ആ സത്യസന്ധനായ ആ ത്യാഗി എല്ലാകാര്യങ്ങളും ഭംഗിയായി നടത്തി. അടുക്കളയില്‍ ഏവരും സുഭിക്ഷമായി ഭക്ഷണം കഴിച്ചു. ബാക്കിയുള്ളത് പട്ടിണി പാവങ്ങള്‍ക്ക് കൊടുക്കും. ഒരു ദിവസം ഒരു സാധുവായ മനുഷ്യന്‍ ആശ്രമത്തില്‍ വന്നു. അദ്ദേഹത്തിന് അവിടെ നിന്നും ആഹാരം നല്‍കിയില്ല. ഇതുകണ്ട ഗുരുവിന്റെ മനസ്സ് വല്ലാതെ വേദനിച്ചു. എന്നാല്‍ തനിക്കായി മാറ്റി വച്ചിരുന്ന ആഹാരം ആ ഭക്തന് കൊടുത്തു. ഇതിന്റെ പേരില്‍ അവിടെ നിന്നും ഗുരുവിന് കൂടുതല്‍ വേദനിക്കേണ്ടി വന്നിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന ഭക്ഷണം എന്തു തന്നെയായലും അത് മറ്റുള്ളവര്‍ക്കും കൂടി പങ്കുവയ്ക്കാനുള്ള അവസരം ഉണ്ടാവണമെന്ന് ഗുരു അന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചിരുന്നു.

ദാനങ്ങളില്‍ സര്‍വ്വശ്രേഷ്ഠമാണ് അന്നദാനം. അതിജീവനത്തിന് ആധാരമായ അന്നമാണ് ദാനങ്ങങ്ങളില്‍ ഒന്നാമത്. അന്നദാനം ജീവദാനം കൂടിയാകുന്നു. സഹജീവികളും തന്നെപ്പോലെ ഈ ഭൂമിയില്‍ നിലനില്‍ക്കേണ്ടവരെന്ന ബോധമുറച്ചവനേ അന്നദാനത്തിന്റെ മഹത്വറിയൂ. അതായിരുന്നു കരുണാകര ഗുരുവും. ഗുരുവിന്റെ അന്നദാനത്തെ ഒന്നുകൂടി മനസ്സില്‍ സ്മരിച്ചുകൊണ്ട് ശാന്തിഗിരി അവധൂത യാത്ര സംഘം ഇന്ന് ശിവഗിരിയില്‍ അന്നദാനം നടത്തി. അവിടെ നിന്ന് ആഹാരം കഴിക്കുമ്പോള്‍ ഓരോ വ്യക്തിയുടെയും ഉള്ളില്‍ ഗുരു നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.

ഗുരുവിന്റെ ആദിസങ്കല്‍പ്പലയനദിനമായ നവഒലി ജ്യോതിര്‍ദിനത്തിന്റെ ഇരുപത്തിയഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുവിന്റെ ത്യാഗജീവിതത്തിന്റെ അവിസ്മരണീയമായ ഏടുകള്‍ ലോകത്തിന് മുന്നില്‍ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിഷ്യപരമ്പര അവധൂതയാത്ര സംഘടിപ്പിക്കുന്നത്. മെയ് 6നാണ് നവഒലി ജ്യോതിര്‍ദിനം. ഗുരുവിന്റെ സ്മരണകള്‍ ഒന്നുകൂടി പുതുക്കി ഗുരുമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് അവര്‍ അവിടെ നിന്നും അടുത്തിടത്തേക്ക് തിരിച്ചു.

 

Related Articles

Back to top button