KeralaLatest

മാട്രിമോണിയല്‍ സൈറ്റ് ചതിച്ചു! വിവാഹം നടന്നില്ല: യുവാവിന് നഷ്ടപരിഹാരം

“Manju”

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി രജിസ്‌ട്രേഷന്‍ നടത്തി. പറഞ്ഞ തുക അടച്ചിട്ടും വിവാഹം നടന്നില്ല. പിന്നീട് ഫോണ്‍ കോളുകള്‍ക്കും മറുപടിയില്ല. സംഭവത്തില്‍ വിവാഹ രജിസ്‌ട്രേഷന്‍ സൈറ്റ് അധികൃതര്‍ യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. എറണാകുളത്തെ സ്ഥാപനത്തിനെതിരേ ചേര്‍ത്തല സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി.

2018 ഡിസംബറിലാണ് യുവാവ് വെബ്സൈറ്റില്‍ ഫ്രീയായി പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്തത്. അതിനുശേഷം വെബ്‌സൈറ്റിന്റെ ഓഫീസില്‍നിന്ന് പല തവണ ബന്ധപ്പെട്ടു. തുക നല്‍കിയാലേ വധുവിന്റെ വിവരങ്ങള്‍ നല്‍കുകയുള്ളൂവെന്ന് അറിയിച്ചു. രജിസ്റ്റര്‍ ചെയ്താല്‍ വിവാഹം നടത്തുന്നതിനു വേണ്ടി എല്ലാ സഹായവും വാഗ്ദാനം നല്‍കി. 4,100 രൂപ ഫീസായി ഈടാക്കി. എന്നാല്‍, പണം നല്‍കിയതിനു ശേഷം തുടര്‍ന്നുള്ള ഫോണ്‍വിളികള്‍ക്ക് മറുപടിയില്ലായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഓഫീസില്‍ പോയി കാര്യം പറഞ്ഞിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്.

2019 ജനുവരി മുതല്‍ മൂന്നുമാസത്തേക്ക് 4,100 രൂപയ്ക്ക് ക്ലാസിക് പാക്കേജിനു കീഴില്‍ പരാതിക്കാരന്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇടനിലക്കാര്‍ മാത്രമാണ് തങ്ങളെന്നും സേവന കാലയളവില്‍ വിവാഹം ഉറപ്പുനല്‍കിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

വിവാഹം നടക്കുമെന്ന തരത്തില്‍ ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിച്ച ശേഷം ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിവാകുന്ന നടപടി അധാര്‍മിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് കമ്മീഷന്‍ വിലയിരുത്തി. രജിസ്‌ട്രേഷന്‍ ഇനത്തില്‍ ഈടാക്കിയ 4100 രൂപയും നഷ്ടപരിഹാരമായി 28,000 രൂപയും പരാതിക്കാരന് നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ഡി ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് ഉത്തരവ്.

 

 

Related Articles

Back to top button