KeralaLatest

റേസിംഗ് ; യുവാവിന്റെ കാലൊടിഞ്ഞു

“Manju”

തിരുവനന്തപുരം: ബൈക്ക് റേസിങ് നടത്തുന്നതിനിടെ നടുറോഡില്‍ യുവാവിന് നേരെ ആക്രമണം. നെയ്യാര്‍ ഡാമില്‍ ഞാ‍യറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്‍ (22) ആണ് മര്‍ദനമേറ്റത്. രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്കിടിച്ച്‌ ഉണ്ണികൃഷ്ണന്‍റെ കാലൊടിഞ്ഞു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഡാമിനോട് ചേര്‍ന്നുള്ള പൊതു റോഡില്‍ യുവാക്കളുടെ ഏഴംഗ സംഘമാണ് ബൈക്ക് റേസിങ് അടക്കമുള്ള അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്. നിരവധി വാഹനങ്ങള്‍ കടന്നു പോവുകയും നാട്ടുകാര്‍ കാല്‍നടയായി സഞ്ചരിക്കുകയും ചെയ്യുന്ന റോഡാണിത്. റേസിങ് നടത്തിയ യുവാവ് ബൈക്ക് പെട്ടെന്ന് തിരിച്ചപ്പോള്‍ രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് റേസിങ് ആണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച്‌ രണ്ടംഗ സംഘം യുവാവിനെ മര്‍ദിക്കുകയായിരുന്നു.
മര്‍ദന വിവരങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി വട്ടിയൂര്‍ക്കാവ് പൊലീസില്‍ ഉണ്ണികൃഷ്ണന്‍ പരാതി നല്‍കിയിട്ടുണ്ട്. അമിതവേഗതയില്‍ വന്ന അക്രമിസംഘം ബൈക്ക് കൊണ്ട് ഇടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇടിയുടെ ആഘാതത്തിലാണ് വലതുകാല്‍ ഒടിഞ്ഞത്. തുടര്‍ന്ന് രണ്ടംഗസംഘം മര്‍ദിക്കുകയായിരുന്നു. കാലൊടിഞ്ഞെന്ന് പറഞ്ഞെങ്കിലും അക്രമിസംഘം മര്‍ദനത്തില്‍ നിന്ന് പിന്മാറിയില്ലെന്നും പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച ഉണ്ണികൃഷ്ണനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇന്ന് രാവിലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ബൈക്ക് റൈസിങ് നടത്തിയിട്ടുണ്ടെങ്കില്‍ ആ വിവരം പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ആക്രമിക്കുകയല്ലെന്നും പൊലീസ് പറയുന്നു. പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button