HealthKeralaLatest

മാതളത്തിന് അല്‍ഷിമേഴ്‌സിനെ ചെറുക്കാനാകുമെന്ന് പഠനം

“Manju”

ഓര്‍മക്കുറവില്‍ തുടങ്ങി ദൈനംദിന കാര്യങ്ങള്‍ പോലും ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്ന ന്യൂറോ ഡിജനറേറ്റീവ് വൈകല്യമാണ് അല്‍ഷിമേഴ്സ്. നിലവില്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ല. എങ്കിലും ആന്റി-ഓക്‌സിഡന്റുകള്‍ ധാരളമടങ്ങിയ മാതളം കഴിക്കുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

മാതളം, സ്‌ട്രോബെറി, റാസ്‌ബെറി, വാല്‍നട്ട് എന്നിവയില്‍ അടങ്ങിയ ബയോ ആക്ടീവ് സംയുക്തങ്ങളായ പോളിഫെനോള്‍, എല്ലാഗിറ്റാനിനുകള്‍, എല്ലാജിക് ആസിഡ് ആമാശയത്തില്‍ എത്തുമ്പോള്‍ ഇവയെ ദഹിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന ബാക്ടീരികള്‍ യുറോലിത്തിന്‍-എ എന്ന സംയുക്തം ഉത്പാദിപ്പിക്കുന്നു. യുറോലിത്തിന്‍-എ അല്‍ഷിമേഴ്സിനെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ യുറോലിത്തിന്‍-എ തലച്ചോറിലെ തകരാറിലായ മൈറ്റോകോണ്‍ട്രിയകളെ നീക്കം ചെയ്തതായി കണ്ടെത്തി. പോളിഫെനോളുകള്‍ കൂടാതെ ആന്റി-ഓക്‌സിഡന്റുകളായ പ്യൂണിലകാജിന്‍സ്, ആന്തോസയാനിനുകളും മാതളത്തില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് അല്‍ഷിമേഴ്‌സിന് പ്രധാന കാരണമാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു.

ശരീരത്തിലെ ഫ്രീ റാഡിക്കലുകളും ആന്റിഓക്സിഡന്റുകളും തമ്മില്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോഴാണ് ഓക്സിഡേറ്റീവ് സ്‌ട്രെസ് ഉണ്ടാകുന്നത്. ഇത് മൂലമുണ്ടാകുന്ന കോശനശീകരണമാണ് അല്‍ഷിമേഴ്‌സിലേക്ക് നയിക്കുന്നത്. തലച്ചോറിന്റെ കൂടുതലായുള്ള ഓക്സിജന്‍ ഉപഭോഗവും ലിപിഡുകളുടെ തുടര്‍ച്ചയായ ചലനങ്ങളും ഓക്സിഡേറ്റീവ് സമ്മര്‍ദത്തിനുള്ള സാധ്യതകള്‍ കൂട്ടും. മാതളനാരങ്ങയിലെ ആന്റിഓക്സിഡന്റുകള്‍ക്ക് ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും അതുവഴി തലച്ചോറിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും കഴിയും.

അല്‍ഷിമേഴ്‌സിന്റെ മറ്റൊരു പ്രധാനകാരണമാണ് തലച്ചോറിലെ കോശങ്ങള്‍ക്കുണ്ടാവുന്ന വീക്കം. ഇത് നാഡീ-കോശങ്ങള്‍ക്ക് നാശമുണ്ടാക്കുകയും തുടര്‍ന്ന് തലച്ചോറില്‍ അമലോയിഡ് പ്ലാക്കുകളുടെയും ടൗ പ്രോട്ടീനുകളുടെ അസ്വാഭാവിക കൂടിച്ചേരലുകള്‍ മൂലമുണ്ടാകുന്ന ടൗ ടാങ്കിലുകളുടെ അടിഞ്ഞുകൂടലിനും കാരണമാകും. വീക്കം സംഭവിക്കുന്ന കോശപാതകളെ തടഞ്ഞുകൊണ്ട് കോശജ്വലനത്തിനു കാരണമാകുന്ന സൈറ്റോകൈനുകളുടെ പ്രവര്‍ത്തനത്തെ ചെറുക്കുവാന്‍ മാതളത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ക്ക് കഴിയും. ഇത് അല്‍ഷിമേഴ്സിന് കാരണമാകുന്ന മസ്തിഷ്‌ക തകരാറിനെ നിയന്ത്രിക്കുന്നു.

അമലോയ്ഡ് പ്ലാക്കുകളുടെയും ടൗ ടാങ്കിലുകളുടെയും അടിഞ്ഞുകൂടല്‍ നാഡീവ്യവസ്ഥയിലുണ്ടാകുന്ന സംവേദനത്തെ തടഞ്ഞുകൊണ്ട് അല്‍ഷിമേഴ്‌സ് രോഗികളില്‍ മരണകാരണമാകുന്ന കോശമരണത്തിലേക്കു നയിക്കുന്നു. മാതളനാരങ്ങയിലെ പോളിഫിനോളുകള്‍ക്ക് ഈ പ്രോട്ടീനുകളുടെ അടിഞ്ഞുകൂടലിനെ തടയാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ മനുഷ്യരില്‍ ഇതു സംബന്ധിച്ച് വിശാലമായ പഠനത്തിന്റെ ആവശ്യതകയുണ്ടെന്നും ഗവേഷകര്‍ ‘ന്യൂറോബയോളജി ഓഫ് ഏജിങ്’ എന്ന ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനം പറയുന്നു.

 

 

 

 

Related Articles

Back to top button