KeralaLatest

ഇന്ധന പര്യവേക്ഷണം; അടുത്ത ഘട്ടം ഡ്രില്ലിങ്, പ്രതീക്ഷയോടെ കൊല്ലം

“Manju”

കൊല്ലം: ഇന്ധന പര്യവേക്ഷണത്തിന്റെ അടുത്തഘട്ടമായി കൊല്ലം സമുദ്രമേഖലയിൽ ഡ്രില്ലിങ് (കടൽത്തട്ട്‌ തുരക്കൽ) നടക്കും. ഇതിനായി നൈജീരിയയിൽനിന്ന് എത്തേണ്ട ബ്രിട്ടീഷ് പര്യവേക്ഷണ കമ്പനിയായ ‘ഡോൾഫിൻ ഡ്രില്ലിങ്ങി’ന്റെ റിഗ്ഗിനുള്ള (എണ്ണക്കിണർ കുഴിക്കാൻ സംവിധാനമുള്ള ബാർജ്) തടസ്സങ്ങൾ ഒഴിവാക്കാൻ അധികൃതർ നടപടിതുടങ്ങി. മാസങ്ങൾക്കകം റിഗ് കൊല്ലത്ത് എത്തുമെന്നാണ് പ്രതീക്ഷ. 1,287 കോടി രൂപയ്ക്കാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ് ഡോൾഫിൻ ഡ്രില്ലിങ്ങുമായി കരാർ ഒപ്പിട്ടിട്ടുള്ളത്.

തീരത്തുനിന്ന്‌ 48 കിലോമീറ്റർ അകലെ അന്താരാഷ്ട്ര കപ്പൽച്ചാലിനു പുറത്ത് ആറ്‌ കിലോമീറ്റർ താഴ്ചയിലാണ് പര്യവേക്ഷണം. മൂന്നിലേറെ നിലകളിലായി ഒരുക്കുന്ന റിഗ്ഗിൽ വിവിധ ഷിഫ്റ്റുകളിലായി നൂറിലേറെ ജീവനക്കാരുണ്ടാകും.
കടലിൽ 80 മീറ്റർ താഴ്ചയിലാണ് പദ്ധതിഭാഗത്ത് എണ്ണപര്യവേക്ഷണക്കിണർ തുറക്കുക. അടിത്തട്ടിൽ വിവിധ പാളികളിലായി കട്ടികൂടിയ ഭാഗം, മൃദുലഭാഗം എന്നിവ വരുന്നതിനാൽ പ്രശ്നങ്ങളും ഏറെയാണ്. അസംസ്കൃത എണ്ണയുടെ (ക്രൂഡ് ഓയിൽ) ഒഴുക്ക് കണ്ടെത്തുകയെന്നതാണ് വെല്ലുവിളി. ഓരോ ഇഞ്ചും കുഴിക്കാനും വൻ പണച്ചെലവു വരുമെന്നതിനാൽ പെട്രോളിയം മന്ത്രാലയത്തിന്റെ കർശന മേൽനോട്ടത്തിലാണ് കുഴിക്കുന്നത്. ലാഭകരമാണെങ്കിലേ പര്യവേക്ഷണം തുടരുകയുള്ളൂ.

കൊല്ലം തീരം, കൊങ്കൺ തീരം, ആന്ധ്രയിലെ അമലാപുരം എന്നിവിടങ്ങളിലാണ് നിലവിൽ എണ്ണശേഖരസാധ്യത കണ്ടെത്തിയിട്ടുള്ളത്. കൊല്ലത്ത് കടലിൽ 30 ചതുരശ്ര കിലോമീറ്റർ ഭാഗത്താണ് എണ്ണ കണ്ടെത്താൻ ശ്രമം നടത്തുന്നത്. കൊല്ലത്തെ പ്രത്യേകത അനുസരിച്ച്, 80 മീറ്റർ താഴ്ചവരെ നീളും കടൽത്തട്ടിന്റെ പ്രധാന ഭാഗമെത്താൻ. ഇതുകാരണം കപ്പൽക്കാലുകൾ ഉറപ്പിച്ചു കിണർ കുഴിക്കുന്നതിനു പകരം ഫ്ളോട്ടിങ് (വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന) രീതിയേ ഉപയോഗിക്കാനാകൂവെന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥനും ഗവേഷകനുമായ അമൽ ദേവകുമാർ പറഞ്ഞു.

ഇന്ത്യയിൽ ബോംബെ ഹൈയിലാണ് എണ്ണഖനനം കുറച്ചെങ്കിലും ഫലപ്രദമായി നടക്കുന്നത്. നേരത്തേ ഒ.എൻ.ജി.സി.യുടെ നേതൃത്വത്തിൽ കൊച്ചിയിൽ എണ്ണയ്ക്കായി പര്യവേക്ഷണം നടത്തിയെങ്കിലും പിന്നീട് ലാഭകരമല്ലെന്നു കണ്ട് പദ്ധതി ഉപേക്ഷിച്ചിരുന്നു.

Related Articles

Back to top button