KeralaLatest

കോട്ടയത്ത് ശക്തമായ കാറ്റില്‍ ഓട്ടോ പാടത്തേക്ക് മറിഞ്ഞു, ബൈക്കുകളുടെയും നിയന്ത്രണം നഷ്ടപ്പെട്ടു

“Manju”

കോട്ടയം: കോട്ടയം-കുമരകം റോഡില്‍ രണ്ടാം കലുങ്കിന് സമീപമുണ്ടായ ശക്തമായ കാറ്റില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു പോവുകയും ബൈക്കുകളുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തും. യാത്രികന്‍ വാഹനത്തോടൊപ്പം റോഡിലേക്കും വീഴുകയും ചെയ്തു. ശക്തമായ കാറ്റിന്റെയും അപകടത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് പരിക്കുകളില്ല.

ഇന്നലെ വൈകുന്നേരം 6.30 ഓടെ ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് കുമരകം ഭാഗത്ത് ഉണ്ടായത്. കാറ്റില്‍ വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ് മേല്‍ക്കൂര, വാട്ടര്‍ ടാങ്ക് അടക്കം നിലംപൊത്തി വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. കൃഷിനാശവുമുണ്ടായിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കി, വയനാട്, കോട്ടയം ജില്ലകളിലെ വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയില്‍ മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ഇടവിട്ട് മഴ തുടരുന്നതിനാല്‍ പ്രശ്ന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി യാത്ര നിരോധനവും തമിഴ്നാട്ടിലേക്ക് ദേവികുളം വഴിയുള്ള പാത മാറ്റി നിര്‍ത്തി ആനച്ചാല്‍ വഴി പോകാനുമാണ് നിര്‍ദേശം.

കല്ലാര്‍ കുട്ടി, പാംബ്ല, മൂന്നാര്‍ ഹെഡ് വര്‍ക്ക് ഡാം എന്നിവയുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിയാര്‍, മുതിരപ്പുഴയാര്‍ എന്നിവയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശമുണ്ട്. വയനാട് ജില്ലയില്‍ ഖനനത്തിന് കളക്ടര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നും നാളെയും ഖനനമോ മണ്ണെടുപ്പോ പാടില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിടും. മീന്‍ പിടിക്കരുതെന്നും പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറം പെരുമ്പടപ്പ് വില്ലേജില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഒരു കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റി. വെളിയങ്കോട്, പൊന്നാനി വില്ലേജുകളില്‍ 22 ആളുകളെ ബന്ധു വീടുകളിലേക്ക് മാറ്റി.

 

Related Articles

Back to top button