IndiaLatest

തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ എയര്‍പോര്‍ട്ടും

“Manju”

ഡല്‍ഹി: ലോകത്തെ ഏറ്റവും തിരക്കുള്ള പത്തു വിമാനത്താവളങ്ങളുടെ പേരുവിവരങ്ങള്‍ എയര്‍പോര്‍ട്സ് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍സ് (.സി.) പുറത്തുവിട്ടപ്പോള്‍ ഇന്ത്യക്കും അഭിമാന നേട്ടം. ആദ്യ പത്തില്‍ ന്യൂഡല്‍ഹിയിലെ ഇന്ദിര ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടും ഇടംകണ്ടെത്തി.

.സി.ഐയുടെ 2022ലെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഡല്‍ഹി എയര്‍പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മൊത്തം 5,94,90,074 യാത്രക്കാരാണ് ഡല്‍ഹി എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തതെന്ന് എ.സി.ഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആറു കോടി പേര്‍ യാത്ര ചെയ്ത ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടിന് തൊട്ടുപിന്നിലായാണ് ഡല്‍ഹിയുടെ സ്ഥാനം. പാരിസിലെ ചാള്‍സ് ഡി ഗോലെ എയര്‍പോര്‍ട്ട് ഡല്‍ഹിക്കുപിന്നില്‍ പത്താം സ്ഥാനത്താണ്. തിരക്കേറിയ വിമാനത്താവളങ്ങളുടെ ലിസ്റ്റില്‍ 2021ല്‍ ഡല്‍ഹി 13-ാം സ്ഥാനത്തായിരുന്നു. 2019ല്‍ 17-ാമതും. .സി.ഐ ലിസ്റ്റ് പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവും തിരക്കേറിയ വിമാനത്താവളം യു.എസിലെ അറ്റ്ലാന്റ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ആണ്.

ഒന്‍പതുകോടിയിലേറെ യാത്രക്കാരാണ് 2022ല്‍ അറ്റ്ലാന്റ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. ലിസ്റ്റിലെ ആദ്യ നാലു സ്ഥാനങ്ങളും യു.എസിലെ വിമാനത്താളവങ്ങള്‍ സ്വന്തമാക്കി. ഏഴു കോടിയിലേറെ യാത്രക്കാരുമായി ഡള്ളാസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടാണ് അറ്റ്ലാന്റക്ക് തൊട്ടുപിന്നിലുള്ളത്. 6.5 കോടിയിലേറെ യാത്രക്കാരുമായി ഡെന്‍വര്‍ എയര്‍പോര്‍ട്ട് മൂന്നാമതെത്തിയപ്പോള്‍ ചിക്കാഗോ എയര്‍പോര്‍ട്ട് നാലാമതെത്തി.

6.61 കോടി യാത്രക്കാരുമായി ദുബൈ എയര്‍പോര്‍ട്ടാണ് അഞ്ചാം സ്ഥാനത്തുള്ളത്. യു.എസിന് പുറത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന വിശേഷണവും ദുബൈക്കാണ്. യു.എസിലെ വിമാനത്താവളങ്ങളില്‍ 75 മുതല്‍ 95 ശതമാനം വരെ ആഭ്യന്തര യാത്രക്കാരാണ്. ഇതുവഴിയാണ് തിരക്കേറിയ ആദ്യ പത്തു വിമാനത്താവളങ്ങളുടെ ലിസ്റ്റില്‍ അഞ്ചു യു.എസ്. എയര്‍പോര്‍ട്ടുകള്‍ ഇടംനേടിയത്. ലോസ് ആഞ്ചല്‍സ് എയര്‍പോര്‍ട്ട് ലിസ്റ്റില്‍ ആറാമതുണ്ട്. എന്നാല്‍, രാജ്യാന്തര യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തെ ഏറിയ പങ്കും ആശ്രയിച്ചത്. 6.43 കോടി യാത്രക്കാര്‍ക്ക് വഴിയൊരുക്കി ഇസ്തംബൂള്‍ എയര്‍പോര്‍ട്ട് ഏഴാമതെത്തി.

ലോകത്തെ ഏറ്റവും തിരക്കേറിയ പത്തു വിമാനത്താവളങ്ങള്‍

1. അറ്റ്ലാന്റ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്

2. ഡള്ളാസ് എയര്‍പോര്‍ട്ട്

3. ഡെന്‍വര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്

4. ചിക്കാഗോ എയര്‍പോര്‍ട്ട്

5. ദുബൈ എയര്‍പോര്‍ട്ട്

6. ലോസ് ആഞ്ചല്‍സ് എയര്‍പോര്‍ട്ട്

7. ഇസ്തംബൂള്‍ എയര്‍പോര്‍ട്ട്

8. ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ട്

9. ഡല്‍ഹി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്

10. പാരിസ് എയര്‍പോര്‍ട്ട്

 

Related Articles

Back to top button