തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബസ് സര്‍വീസുകള്‍ക്ക് കെഎസ്ആര്‍ടിസി നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയുള്ള സമയത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ പരമാവധി ഓര്‍ഡിനറി, ഹ്രസ്വദൂര ഫാസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തും. 12 മണിക്കൂറില്‍ തിരക്കുള്ള സമയമായ രാവിലെ ഏഴുമുതല്‍ 11 വരെയും, ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ഏഴുവരെയും ജീവനക്കാരെ പ്രത്യേകം ക്രമീകരിക്കും. രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സമയം സര്‍ക്കാര്‍ പൊതുഗതാഗതം അനുവദിച്ച സാഹചര്യത്തില്‍ 60 ശതമാനം ദീര്‍ഘദൂര സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യും. കൂടാതെ യാത്രാക്കാരുടെ ആവശ്യത്തിനനുസരിച്ച് പരിമിതമായ ഓര്‍ഡിനറി സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യും. പകല്‍ സമയം മുഴുവന്‍ ദീര്‍ഘദൂര സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യും. ഒരേ ഡിപ്പോയില്‍നിന്ന് ഒരേസമയം ഒന്നില്‍ കൂടുതല്‍ ബസുകള്‍ ഒരു റൂട്ടിലേക്കു സര്‍വീസ് നടത്തില്ല. ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മില്‍ 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ ഇടവേള ഉണ്ടായിരിക്കും.
കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്നതിന് മാസ്ക് നിര്‍ബന്ധമായിരിക്കും. മാസ്ക് ധരിക്കാത്ത ഒരാളെപ്പോലും ബസില്‍ പ്രവേശിപ്പിക്കില്ല. യാത്രക്കാര്‍ യാത്രയിലുടനീളം മാസ്ക് ശരിയായ രീതിയില്‍ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടര്‍മാര്‍ ഉറപ്പ് വരുത്തണം. ശരിയായ രീതിയില്‍ മാസ്ക് ധരിക്കാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല. തര്‍ക്കമുണ്ടായാല്‍ പോലീസിന്റെ സഹായവും ഉറപ്പാക്കും.