ചെന്നൈ: തമിഴ്നാട്ടിലും കൊവിഡ് രോഗികളുടെ മൃതദേഹങ്ങളോട് അനാദരവ്. തേനി സ്വദേശിയായ 47 കാരന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മോര്‍ച്ചറിയില്‍ കൂട്ടിയിട്ട ശവങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാനായിരുന്നു അധികൃതര്‍ ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസം മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. മോര്‍ച്ചറിയിലെ ജീവനക്കാര്‍ അകത്ത് കടന്ന് മൃതദേഹം തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. മോര്‍ച്ചറിക്കകത്ത് നിരവധി മൃതദേഹങ്ങള്‍ നീല പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞു വച്ച നിലയിലാണ് ഉണ്ടായിരുന്നത്.
ഇതില്‍ നിന്ന് എങ്ങനെ തെരഞ്ഞെടുക്കുമെന്ന് ബന്ധുക്കള്‍ ചോദിച്ചെങ്കിലും അതില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പീന്നീട് ഇവര്‍ ഓരോ മൃതദേഹങ്ങളും പരിശോധിച്ച് കണ്ടെത്തുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മൂന്ന് ജീവനക്കാരാണ് സംഭവത്തിന് ഉത്തരവാദികളെന്ന് തേനി സര്‍ക്കാര്‍ ആശുപത്രി ഡീന്‍ ബാലാജി നാഥന് പറഞ്ഞു. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകകയാണ്.
ആശുപത്രിയിലെ മോര്‍ച്ചറിയില്‍ രണ്ട് മുറികളാണുള്ളത്. കൊവിഡ് രോഗികളുടെ മൃതദേഹം പ്രത്യേകം മാറ്റിവച്ചിരിക്കുകയാണ്. മൂന്ന് മൃതദേഹങ്ങള്‍ വയ്ക്കാനുള്ള സൗകര്യമേയുള്ളൂ. എന്നാല്‍ ചില രാത്രികളില്‍ 15 മൃതദേഹങ്ങള്‍ വരെ എത്താറുണ്ട്.
ജീവനക്കാര്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാറില്ലെന്നും കണ്ടെത്തി. മൃതദേഹങ്ങള്‍ കുന്നുകൂട്ടിയിടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് വിശാലമായ സൗകര്യം ഒരുക്കുമെന്നും ഡീന്‍ ബാലാജി നാഥന് പറഞ്ഞു.