Latest

ബാങ്കിംഗ് തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയായ യുവതി പിടിയില്‍

“Manju”

തൃശൂര്‍: വ്യാജരേഖകള്‍ ചമച്ച്‌ ഉപഭോക്താവിന്റെ ഫോണ്‍ സിം കാര്‍ഡ് കരസ്ഥമാക്കി, ബാങ്കിംഗ് തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയായ യുവതി പിടിയില്‍. മുംബൈ ജോഗേശ്വരി ഈസ്റ്റ് ഡോ. പങ്കജ് പട്ടേല്‍ ജനതാ കോളനി സ്വദേശിനി നൂര്‍ജഹാന്‍ അബ്ദുള്‍ കലാം ആസാദ് അന്‍സാരിയാണ് (45) അറസ്റ്റിലായത്. തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരിലെ ന്യൂ ജനറേഷന്‍ ബാങ്ക് ശാഖയിലെ ഒരു സ്ത്രീയുടെ അകൗണ്ടില്‍ നിന്നും 20 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. തൃശൂര്‍ സ്വദേശിനിയായ സ്ത്രീയുടെ വിലാസവും വ്യാജഫോട്ടോയും ഉപയോഗിച്ച്‌ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ എറണാകുളത്തെ ഔട് ലെറ്റില്‍ നിന്നുമാണ് തട്ടിപ്പുകാര്‍ സിം കാര്‍ഡ് സംഘടിപ്പിച്ചത്. സിം കാര്‍ഡ് സംഘടിപ്പിക്കുന്നതിനായി മുംബൈയില്‍ നിന്നും വിമാനമാര്‍ഗമാണ് പ്രതി ഉള്‍പെടെയുള്ള സംഘം എറണാകുളത്തെത്തിയത്. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് സംഘടിപ്പിക്കുന്നതിനായി തൃശൂര്‍ സ്വദേശിനിയുടേതെന്ന വിധത്തില്‍ നല്‍കിയ ഫോട്ടോ അറസ്റ്റിലായ പ്രതിയുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

എറണാകുളത്ത് നിന്നും മുംബൈയില്‍ തിരിച്ചെത്തിയ സംഘം 15 തവണകളായി 20 ലക്ഷത്തോളം രൂപ പല ബാങ്ക് അകൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും പിന്നീട് ബിഹാര്‍, മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളിലെ എ ടി എമ്മുകള്‍ വഴി പിന്‍വലിക്കുകയുമായിരുന്നു. പണം നഷ്ടപ്പെട്ട സ്ത്രീ തൃശൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ ആദിത്യക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. തുടര്‍ന്ന് എറണാകുളം, നെടുമ്പാശേരി വിമാനത്താവളം എന്നിവിടങ്ങളിലെ നിരവധി സി സി ടി വി കാമറാ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയും സംഭവദിവസം കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്ത യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിച്ചത്. അന്വേഷണ സംഘം ദിവസങ്ങളോളം മുംബൈയില്‍ താമസിച്ച്‌ അന്വേഷണം നടത്തുകയും ചെയ്തു.

എന്നാല്‍ കേരള പൊലീസ് അന്വേഷണം നടത്തുന്ന വിവരം മനസിലാക്കിയ പ്രതി താമസ സ്ഥലത്തു നിന്നും മഹാരാഷ്ട്ര പല്‍ഗാര്‍ ജില്ലയിലെ നലസോപ്പാറ എന്ന സ്ഥലത്തേക്ക് ഒളിവില്‍ പോവുകയും പൊലീസ് അവിടെയെത്തിയതായി അറിഞ്ഞ പ്രതി തിരികെ ജോഗേശ്വരിയിലെത്തുകയും പൊലീസ് പിടിയിലാകുകയുമായിരുന്നു. തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബ്രിജുകുമാര്‍ കെ, എസ്.ഐ സന്തോഷ്, എ.എസ്.ഐ ഫൈസല്‍, പൊലീസുദ്യോഗസ്ഥരായ വിനു കുര്യാക്കോസ്, ശ്രീകുമാര്‍, അനൂപ്, അപര്‍ണ്ണ ലവകുമാര്‍, നിജിത എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button