കേരളം ഇന്ന് മുതല്‍ അണ്‍ലോക്കിലേക്ക്
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/06/11-17.jpg?resize=300%2C168&ssl=1)
തിരുവനന്തപുരം: കേരളം ഇന്ന് മുതല്‍ അണ്‍ലോക്കിലേക്ക്. ടെസ്റ്റ് പൊസിറ്റിവിട്ടി നിരക്ക് 30 ശതമാനത്തില്‍ മുകളിലുള്ള പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര് നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം.
യാത്രക്കുള്ള പൊലീസ് പാസെന്ന നിബന്ധന ഒഴിവാക്കി. ടെസ്റ്റ് പൊസിറ്റിവിട്ടി 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ സത്യവാങ്മൂലം കയ്യില്‍ കരുതിയാല്‍ മതിയെന്നാണ് നിര്‍ദേശം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 25 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തനം ആരംഭിക്കും. ബെവ്കോ ഒട്ട്ലൈറ്റുകളും, ബാറുകളും ഇന്ന് 9 മണി മുതല്‍ പ്രവര്‍ത്തിക്കും.
സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്.
സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്.
പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്കിയാല് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്.