Uncategorized

സാല്‍മൊണല്ല ഭീതിയില്‍ അമേരിക്ക; വില്ലനായി മെക്സിക്കന്‍ ഉള്ളി

“Manju”

വാഷിങ്ടണ്‍: കോവിഡ് വൈറസ് വ്യാപനത്തിന് പിന്നാലെ പുതിയ രോഗഭീതിയില്‍ അമേരിക്ക. സാല്‍മൊണല്ല രോഗമാണ് അമേരിക്കയില്‍ ഭീതി പടര്‍ത്തുന്നത്. യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിനു പേരാണ് സാല്‍മൊണല്ല രോഗബാധിതരായതെന്നാണ് വിവരം. ഉള്ളിയില്‍ നിന്നു പകരുന്ന അണുബാധയാണിത്.
മെക്‌സിക്കോയിലെ ചിഹുവാഹുവായില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗ ഉറവിടം കണ്ടെത്തിയതെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചിരിക്കുന്നത്. ഇതുവരെ 652 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രോഗികളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. രോഗം ബാധിച്ച 75 ശതമാനം പേരും നേരിട്ടോ മറ്റുരൂപത്തിലോ ഉള്ളി ഉപയോഗിച്ചിട്ടുണ്ടെന്നും ഡിസിസി കണ്ടെത്തി. രോഗബാധിതരായ പലരും ഒരേ റസ്റ്ററന്റുകളില്‍ നിന്നാണു ഭക്ഷണം കഴിച്ചിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു.
രോഗവ്യാപന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ലബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി ജനം ഉപേക്ഷിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ചിഹുവാഹുവായില്‍ നിന്നുള്ള ഉള്ളി ഒരുകാരണവശാലും വാങ്ങരുതെന്നും ശരിയായ സ്റ്റിക്കറോ പാക്കിങ്ങോ ഇല്ലാതെയുള്ളവ നേരത്തേ വാങ്ങിയിട്ടുണ്ടെങ്കില്‍ വലിച്ചെറിയണമെന്നും സിഡിസി അറിയിച്ചു. ഉള്ളി വച്ചിരുന്ന ഇടങ്ങളെല്ലാം ചൂടു സോപ്പുവെള്ളം ഉപയോഗിച്ചു കഴുകണമെന്നും നിര്‍ദ്ദേശമുണ്ട്. സാല്‍മൊണല്ല അണുബാധയുള്ള ഉള്ളി കഴിച്ചാല്‍ വയറിളക്കം, പനി, വയറ്റില്‍ അസ്വസ്ഥത തുടങ്ങിയവ വരും. ശരീരത്തിലെത്തി ആറു മണിക്കൂര്‍ മുതല്‍ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

Related Articles

Back to top button