കനത്ത മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിലും മഴ ശക്തമാകുന്നത്.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നു തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ച് വ്യാഴാഴ്ച രാവിലെയോടെ തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസമില്ല.