കുമ്പള: കാണാതായ 14 ആടുകളെ അന്വേഷിച്ച് 2000 കിലോമീറ്റര്‍ വരെ എത്തിയിരിക്കുകയാണ് കുമ്പള സ്വദേശി അബ്ബാസ്സും കുടുംബവും. ക്രൈം സിനിമയെ പോലും വെല്ലുന്നതാണ് ഈ അന്വേഷണം. ഈ അന്വേഷണത്തിലൂടെ കുടുക്കിയിരിക്കുന്നത് തങ്ങളുടെ ആടുകള്‍ ഉള്‍പ്പെടെ മോഷ്ടിച്ച കര്‍ണാടകത്തിലെ വലിയൊരു മോഷണസംഘത്തെയാണ്.
ജമ്നാപ്യാരി ഉള്‍പ്പെടെ 14 ആടുകളെയാണ് അബ്ബാസിന് നഷ്ടമായിരുന്നത്. ആടിനെ ബിസ്കറ്റ് നല്കി പാട്ടിലാക്കി നടത്തിക്കൊണ്ടുപോകുന്ന കൊച്ചുകുട്ടിയുടെ സിസിടിവി ദൃശ്യങ്ങളില്‍ തുടങ്ങിയ അന്വേഷണം പിന്നീട് കുട്ടിയുടെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീയിലേക്കും കര്‍ണാടകയിലെ ഒരു കോഴിക്കടയിലേക്കും അവിടെ നിന്ന് ശിവമൊഗ സ്വദേശി സക്കഫുല്ലയെന്ന മോഷ്ടാവിലേക്കും എത്തുകയായിരുന്നു. സാഹസികമായ ആ 2000 കിലോമീറ്റര്‍ യാത്രയാണിത്.