ശ്രീജ.എസ്
ഗുരുവായൂര്‍ : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ പുനരാരംഭിച്ചത്. എന്നാല്‍ ഇന്നലെ ക്ഷേത്രത്തിലേക്ക് എത്തിയ വ്യാജ സന്ദേശം അധികൃതരെ വട്ടംകറക്കിയിരിക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ നടന്ന വിവാഹങ്ങളില്‍ ഒന്നില്‍ കോവിഡ് ബാധിച്ച ബ്യൂട്ടീഷ്യനാണ് വധുവിനെ ഒരുക്കിയത് എന്ന വ്യാജ സന്ദേശമാണ് ആശങ്ക സൃഷ്ടിച്ചത്.
രാവിലെ 7.45ന് ക്ഷേത്രത്തിലെ ഫോണിലേക്കാണ് വ്യാജ സന്ദേശം എത്തിയത്. ഹരീഷ്, എറണാകുളം എന്ന പേരു പറഞ്ഞാണ് വിളിച്ചത്. പാലക്കാട്ടു നിന്നുള്ള ഒരു വിവാഹസംഘത്തിലെ വധുവിനെ അണിയിച്ചൊരുക്കിയ ബ്യൂട്ടിഷ്യന് കോവിഡ് ഉണ്ടെന്നാണ് ഇയാള്‍ ചീഫ് സെക്യൂരിറ്റി ഓഫിസറോട് പറഞ്ഞത്.
ഇതോടെ ക്ഷേത്രനടയിലേക്ക് കൂടുതല്‍ പൊലീസും ആരോഗ്യപ്രവര്‍ത്തകരുമെത്തി. 20 വിവാഹങ്ങളാണ് ഇന്നലെ നടന്നത്. ഓരോ സംഘത്തോടും വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പാലക്കാട്ടു നിന്നുള്ള സംഘത്തോട് അന്വേഷിച്ചപ്പോള്‍ ബന്ധുക്കളാണ് വധുവിനെ ഒരുക്കിയതെന്ന് ഇവര്‍ പറഞ്ഞു.
തുടര്‍ന്ന് പൊലീസ് വീണ്ടും നടത്തിയ അന്വേഷണത്തില്‍ പാലക്കാട്ട് വിദേശത്തു നിന്നെത്തിയ കോവിഡ് ബാധിതനായ പ്രവാസിയുടെ ഭാര്യ ബ്യൂട്ടിഷ്യനാണെന്ന് കണ്ടെത്തി. ഗുരുവായൂരില്‍ ഇന്നലെ നടന്ന വിവാഹത്തിലെ വധുവിന്റെ അച്ഛന്റെ നാട്ടുകാരിയാണിവര്‍. എന്നാല്‍ ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അടുത്തൊന്നും ബ്യൂട്ടിഷ്യന് ജോലിക്ക് പോയിട്ടില്ലെന്നും വ്യക്തമായി.