LatestThiruvananthapuram

കുട്ടികള്‍ക്കായി കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതി

“Manju”

തിരുവനന്തപുരം: കേരള ബാങ്ക് കുട്ടികള്‍ക്കായി ആവിഷ്‌ക്കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ 29ന് മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആവിഷ്‌ക്കരിച്ച പ്രത്യേക നിക്ഷേപപദ്ധതിയാണ് വിദ്യാനിധിയെന്ന് മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12 വയസ്സ് മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാം. (7 മുതല്‍ 10 വരെ ക്ലാസിലെ കുട്ടികള്‍ക്ക്). സമ്പാദ്യശീലം വളര്‍ത്തുന്നതോടൊപ്പം കുട്ടികളുടെ അത്യാവശ്യ പഠനാവശ്യങ്ങള്‍ക്ക് തുക ഉപയോഗിക്കാന്‍ പ്രപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.

പദ്ധതിയില്‍ അംഗങ്ങള്‍ ആയ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷകര്‍ത്താവിന് (മാതാവിന് മുന്‍ഗണന) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താന്‍ സാധിക്കുന്ന സ്‌പെഷ്യല്‍ പ്രിവിലേജ് അക്കൗണ്ട് തുറക്കുന്നതിന് പ്രത്യേക അനുവാദം നല്‍കും. രണ്ട് ലക്ഷം രൂപവരെയുള്ള അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ അക്കൗണ്ട് ഉറപ്പാക്കും. ആദ്യ വര്‍ഷത്തെ പ്രീമിയം ബാങ്ക് നല്‍കും.

erവിദ്യാനിധി അക്കൗണ്ടില്‍ ചേരുന്ന കുട്ടികള്‍ക്ക് കേരള ബാങ്ക് നല്‍കുന്ന വിദ്യാഭ്യാസ വായ്പക്ക് മുന്‍ഗണന ലഭിക്കും. എസ്.എം.എസ്, എ.ടി.എം, ഡി.ഡി, ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങളും സൗജന്യമായി ലഭിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ലഭിക്കുന്ന ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സൗകര്യവും വിദ്യാനിധി അക്കൗണ്ടിനുണ്ട്. രക്ഷകര്‍ത്താവിനുള്ള പ്രിവിലേജ് അക്കൗണ്ടിന് സാധാരണ എസ്.ബി അക്കൗണ്ടിന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളോടൊപ്പം പ്രത്യേക ആനുകൂല്യങ്ങളും അനുവദിക്കും.

Related Articles

Back to top button