സിന്ധുമോള്‍ ആര്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷപദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച് സോണിയ ഗാന്ധി. ഇടക്കാല അധ്യക്ഷപദവി ഇന്നുതന്നെ ഒഴിയാന്‍ തയാറാണെന്നും പുതിയ പ്രസിഡന്റിനെ പാര്‍ട്ടി തന്നെ കണ്ടെത്തണമെന്നുമാണ് സോണിയ ഇന്നലെ പാര്‍ട്ടി നേതാക്കളോടു വ്യക്തമാക്കിയത്.
പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്നും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന കാര്യക്ഷമമായ നേതാവിനെയാണ് ആവശ്യം എന്നും ചൂണ്ടിക്കാട്ടി 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പിട്ട കത്ത് കഴിഞ്ഞ ദിവസം സോണിയയ്ക്കു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ പതിനൊന്നിനു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തുടങ്ങാനിരിക്കെ ഇന്നലെ സോണിയ രാജി സന്നദ്ധത അറിയിച്ചത്. കപില്‍ സിബല്‍, ശശി തരൂര്‍, ഗുലാം നബി ആസാദ്, പൃഥ്വിരാജ് ചൗഹാന്, വിവേക് താന്‍ക, ആനന്ദ് ശര്‍മ തുടങ്ങിയവരാണ് കത്തെഴുതിയത്.
ഇടക്കാല പ്രസിഡന്റ് സ്ഥാനത്ത് ഒരു വര്‍ഷക്കാലാവധി പൂര്‍ത്തിയായതിനാല്‍ രാജിവയ്ക്കുകയാണെന്നും പുതിയ പ്രസിഡന്റിനെ പാര്‍ട്ടി തെരഞ്ഞെടുക്കണമെന്നും സോണിയ നേതാക്കളുടെ കത്തിന് മറുപടി നല്‍കിയെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍, രാജിവയ്ക്കുന്ന കാര്യം സോണിയ പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും ആര്‍ക്കും ഒരു മറുപടിയും നല്‍കിയിട്ടില്ലെന്നുമാണു കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ഇന്നലെ വൈകുന്നേരം പറഞ്ഞത്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിക്കുന്നതായും സുര്‍ജേവാല പറഞ്ഞു.