തിരുവിതാംകൂര്‍ പൈതൃകപദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. തിരുവിതാംകൂര്‍ രാജവംശകാലത്തെ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണമാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലെ 30 കെട്ടിടങ്ങളെ ഉള്‍പ്പെടുത്തി 5 സോണുകളിലായി ഇല്യുമിനേഷന്‍ പദ്ധതി നടപ്പിലാക്കും കെട്ടിടങ്ങളുടെ പൗരാണികതയും വാസ്തുവിദ്യയും ആകര്‍ഷകമാക്കത്തക്ക വിധത്തില്‍ ദീപാലംകൃതമാക്കുന്നതാണ് ഇല്യുമിനേഷന്‍ പദ്ധതി. ഇതിനായി 35.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. നവംമ്പര്‍ 1 കേരളപ്പിറവിയോട് അനുബന്ധിച്ച് ഒരു പൈതൃക കെട്ടിടത്തിന്റെ ഇല്യുമിനേഷന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്കി.