ശ്രീജ.എസ്
ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ കേസില്‍ അന്വേഷണം സിനിമസീരിയല്‍ മേഖലകളിലേക്കും. പിടിയിലായ മോഡല്‍ നിരവധിപ്പേരെ പാര്‍ട്ടികളിലേക്ക് എത്തിച്ചിരുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇവര്‍ക്ക് സിനിമസീരിയല്‍ മേഖലകളിലുള്ളവരുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
നിശാപാര്‍ട്ടിയില്‍ ലക്ഷ്യമിട്ടത് വന്‍ ലഹരി മരുന്ന് വില്പനയെന്നാണ് കണ്ടെത്തല്‍. പിടിച്ചെടുത്തത് ഏഴ് തരം ലഹരിമരുന്നുകളാണ്. എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ തുടങ്ങിയ കെമിക്കല്‍ ഡ്രഗുകളാണ് എത്തിച്ചു നല്‍കിയതെന്നാണ് വിവരം. കൊച്ചി വഴിയാണ് ലഹരിമരുന്ന് വാഗമണില്‍ എത്തിച്ചതെന്നാണ് സൂചന. സംഭവത്തില്‍ എക്സൈസ് ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാന ലഹരി മരുന്ന് മാഫിയ കേന്ദ്രീകരിച്ച് പോലീസും അന്വേഷണം നടത്തും.
‘ആഡ്രാ ആഡ്രാ’ എന്ന വാട്സ്ആപ് കൂട്ടായ്മയിലൂടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജയനും തൊടുപുഴ സ്വദേശി അജ്മലും ആയിരുന്നു വാട്സ്ആപ് കൂട്ടായ്മയുടെ അഡ്മിനുകള്‍. കൂട്ടായ്മയിലുള്ളത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 പേരാണ്. ലഹരി മരുന്നില്‍ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ സ്വദേശിയായ സഹീറെന്നും പൊലീസ് കണ്ടെത്തി. സംഭവ ദിവസം വാഗമണ്ണില്‍ ഉണ്ടായിരുന്ന യുവനടിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.