സിന്ധുമോൾ. ആർ
കൊച്ചി: ഗാനഗന്ധര്വന് യേശുദാസ് 81-ാം പിറന്നാളാഘോഷിക്കാന്‍ ഈ മാസം10 ന് മൂകാംബികാ സന്നിധിയിലെത്തില്ല. 48 വര്‍ഷമായി മുടങ്ങാതെ തന്റെ പിറന്നാള്‍ കുടുംബ സമേതം മൂകാംബിയമ്മയുടെ അടുത്താണ് ഭജനയിരുന്ന് കൊണ്ടാടിയിരുന്നത്.യു.എസിലെ ഡള്ളാസിലുള്ള യേശുദാസ് സുഹൃത്തും ഗാനരചയിതാവുമായ ആര്.കെ. ദാമോദരനുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഇന്നത്തെ കോവിഡ് സാഹചര്യത്തില്‍ അമ്മയുടെ നടയിലെത്താനാവില്ലെന്ന് അറിയിച്ചത്.
ജനുവരി 10ന് ജന്മദിനവും 13ന്(ഉത്രാടം നക്ഷത്രം) പിറന്നാളും അടുത്തടുത്ത് വരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ മൂകാംബിക സന്നിധിയിലുണ്ടാകണമെന്ന ആഗ്രഹം രണ്ട് മാസം മുന്‍പ് വിളിച്ചപ്പോള്‍ അദ്ദേഹം ദാമോദരനുമായി പങ്കുവച്ചിരുന്നു. വരാനാവില്ലെങ്കിലും ദമ്പതീ സമേതം ചെയ്യേണ്ട ചണ്ഡികാഹോമം ഒഴിച്ചുള്ള പിറന്നാള്‍ പൂജാകര്‍മങ്ങളെല്ലാം നടത്താന്‍ മുഖ്യ അര്ച്ചകന് ഗോവിന്ദ അഡിഗയെ ഏല്‍പ്പിച്ചിട്ടുണ്ട്.
ഡള്ളാസിലെ വീട്ടു പൂജാ മുറിയില്‍ വിളക്ക് കൊളുത്തി ജപധ്യാന ഗാനാരാധന ചെയ്യുമെന്നും പ്രാര്‍ഥനാനിരതനായി ദേവീ ക്ഷേത്ര ദര്‍ശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.മാര്‍ച്ചില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ നാട്ടിലെത്തുന്നതാണ്. പിറന്നാളിനോടനുബന്ധിച്ച് സംഗീതഞ്ജന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂകാംബികാ സംഗീതോല്‍സവം പതിവു പോലെ ഇത്തവണയുമുണ്ടാവും.