ട്രംപിന്റെ റെക്കോഡുകള്‍ വെട്ടി ബൈഡന്
വാഷിങ്ടണ്‍: ഭരണത്തിലേറെ ആദ്യ ആഴ്ചയില്‍ തന്നെ ജനപിന്തുണയില്‍ ട്രംപിനെ കടന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലിരുന്ന നാല് വര്‍ഷങ്ങളില്‍ ഏതുസമയത്തും നേടിയതിനെക്കാള്‍ ഉയര്‍ന്ന ജനപിന്തുണയാണ് കഴിഞ്ഞ ആഴ്ചയിലെ ബൈഡെന്റ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മോന്‍മൗത്ത് യൂനിവേഴ്സിറ്റി നടത്തിയ അഭിപ്രായ സര്‍വേയില്‍ 54 ശതമാനം അമേരിക്കക്കാരും ബൈഡെന്റ ഭരണത്തുടക്കത്തില്‍ സംതൃപ്തരാണ്. 30 ശതമാനമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.
എന്നാല്‍, 40 ശതമാനമോ അതില്‍ താഴെയോ ആയിരുന്നു പ്രസിഡന്റ് പദവിയില്‍ ട്രംപ് നേടിയ പരമാവധി ജനപിന്തുണ. ജനുവരി 20ന് അധികാരമൊഴിഞ്ഞ് മടങ്ങുമ്പോള്‍ അത് 34 ശതമാനത്തിലേക്ക് പതിക്കുകയും ചെയ്തിരുന്നു.
മോണിങ് കണ്‍സള്‍ട്ട് ട്രാക്കിങ് അഭിപ്രായ സര്‍വേയില്‍ 56 ശതമാനം പേര് ബൈഡെന്റ ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞപ്പോള്‍ ഹില്‍ ഹാരിസ് എക്സ് നടത്തിയ സര്‍വേയില്‍ ഇത് 63 ശതമാനമാണ്.
ഡെമോക്രാറ്റുകള്‍ക്ക് ശുഭവാര്‍ത്തയാണ് അഭിപ്രായ സര്‍വേകളെങ്കിലും അമേരിക്ക ഇപ്പോഴും ട്രംപ് സൃഷ്ടിച്ച ധ്രുവീകരണത്തില്‍നിന്ന് മുക്തമായിട്ടില്ലെന്ന് കൂടി സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മോന്‍മൗത്ത് സര്‍വേയില്‍ ഡെമോക്രാറ്റുകളില്‍ 90 ശതമാനവും ബൈഡന് പിന്തുണ അറിയിച്ചപ്പോള്‍ സ്വതന്ത്രമായി നില്ക്കുന്നവരില് 47 ശതമാനവും റിപ്പബ്ലിക്കന്മാരില് 15 ശതമാനവും മാത്രമാണ് അദ്ദേഹത്തോട് അനുഭാവം കാണിച്ചത്. ‘മൊത്തത്തില്‍ ട്രംപിനെക്കാള്‍ പിന്തുണ നേടാന്‍ ബൈഡനായിട്ടുണ്ടെങ്കിലും പാര്‍ട്ടി തലത്തില്‍ ഇപ്പോഴും വിഭാഗീയത കഠിനമായി തുടരുന്നുവെന്നത് ആശങ്ക ഉളവാക്കുന്നുവെന്ന്’ മോന്‍മൗത്ത് യൂനിവേഴ്സിറ്റി പോളിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പാട്രിക് മറേ പറയുന്നു.
മുന്‍ ഡെമോക്രാറ്റ് പ്രസിഡന്റ് ബറാക് ഒബാമയും സമാനമായി അധികാരമേറി ആദ്യ ആഴ്ചകളില്‍ 60 ശതമാനത്തിലേറെ ജനപിന്തുണ ഉറപ്പാക്കിയിരുന്നു. ജോര്‍ജ് ഡബ്ല്യു ബുഷിന് ഇത് 53.9 ശതമാനവും ട്രംപിന് 41.4 ശതമാനവുമായിരുന്നു കന്നി ആഴ്ചയിലെ റേറ്റിങ്.