India

ഒമിക്രോൺ :നിയന്ത്രണങ്ങൾ കടുപ്പിച്ച് പശ്ചിമ ബംഗാൾ

“Manju”

ന്യൂഡൽഹി: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ. നാളെ മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, സ്പാ, മൃഗശാല, പാർക്കുകൾ, ബ്യൂട്ടിപാർലർ എന്നിവയെല്ലാം അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകി. കൂടാതെ, സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനാനുമതി.

ഓഫീസുകളിൽ നടത്തിവരാറുള്ള മീറ്റിങ്ങുകൾ ഓൺലൈനാക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി 10 മണി മുതൽ പുലർച്ചെ അഞ്ച് മണിവരെ രാത്രികാല നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നുമുള്ള വിമാന സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയിൽ രണ്ട് ദിവസം മാത്രമായിരിക്കും വിമാന സർവീസുകൾ ഉണ്ടായിരിക്കുക. ജനുവരി അഞ്ച് മുതലാണ് ഈ നിയന്ത്രണം. ഡൽഹിയിലേയ്‌ക്കും, മുംബൈയിലേയ്‌ക്കും തിങ്കളാഴ്ചയും, വെള്ളിയാഴ്ചയും മാത്രമായിരിക്കും വിമാന സർവീസ് എന്ന് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി എച്ച്.കെ ദ്വിവേദി അറിയിച്ചു.

ലോക്കൽ ട്രെയിനുകളിൽ 50 ശതമാനം യാത്രക്കാരെ പ്രവേശിപ്പിക്കാം. വൈകിട്ട് ഏഴ് മണിവരെ മാത്രമാണ് ട്രെയിനുകൾക്ക് യാത്രാനുമതി. ഇതിനു പുറമെ, ഷോപ്പിംഗ് മാളുകളും സൂപ്പർ മാർക്കറ്റുകളും രാത്രി 10 മണിക്ക് ശേഷം തുറന്ന് പ്രവർത്തിക്കരുത് എന്നും ദ്വിവേദി കൂട്ടിച്ചേർത്തു.

സിനിമ തീയറ്ററുകളിലും, ബാർ, റെസ്റ്റോറന്റുകളിലും 50 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനാനുമതി. വിവാഹ ചടങ്ങുകളിൽ 50 ആളുകളെയും മരണാനന്തര ചടങ്ങുകളിൽ 20 ആളുകൾക്കും പ്രവേശിക്കാം. ദീഘദൂര ട്രെയിൻ സർവീസുകൾ മാറ്റമില്ലാതെ തുടരും എന്നും ദ്വിവേദി വ്യക്തമാക്കി.

Related Articles

Back to top button