AlappuzhaKeralaLatest

നഗരസഭാ ചെയര്‍മാന്‍ ഡിഎംഒയ്ക്ക് കത്ത് നല്‍കി.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂര്‍: നഗരസഭ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ ഡോക്ടര്‍മാര്‍ക്ക്  വീഴ്ചയുണ്ടായതായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടപടി ആവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഡിഎംഒ യ്ക്ക് കത്ത് നല്‍കി. കഴിഞ്ഞ മൂന്നാം തീയ്യതി മുതല്‍ ഡോക്ടര്‍മാര്‍ രോഗികളുടെ അടുത്ത് എത്തുന്നില്ല എന്ന പരാതിയിൽ ഇന്നലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡിഎംഒയ്ക്ക് നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയതെന്ന് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ പറഞ്ഞു. പരാതി ബന്ധപ്പെട്ടവരെ ആദ്യം അറിയിക്കുന്നതിന് പകരം പേരും മറ്റു വിവരങ്ങളും രഹസ്യമായി സൂക്ഷിക്കേണ്ട രോഗികളായിട്ടുള്ളവരുടെ വീഡിയോ ദൃശ്യങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച് നിയമ ലംഘനം നടത്തിയതിനെതിരെ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കും. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കുന്നു. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരാതി പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് പരസ്യമായ പ്രചരണം ആദ്യം തന്നെ നടത്തിയതില്‍ ദുരൂഹതയുണ്ട്. സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഇന്നലെവരെ 201 രോഗികളെയാണ് ഇവിടെ പ്രവേശിപ്പിച്ചത്. ഈ കാലയളവിനുള്ളില്‍ നഗരസഭാ പ്രദേശത്ത് 35 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചിട്ടും ഒരാളെപ്പോലും നഗരസഭയുടെ സെന്ററില്‍ പ്രവേശിപ്പിക്കാതെ ഒന്നര ദിവസത്തിലേറെ വീട്ടിലിരുത്തിയ ശേഷം മറ്റു പഞ്ചായത്തുകളിലെ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നത് പതിവാണ്. സെന്ററിന് തൊട്ടടുത്തുള്ളവരെപ്പോലും പരാതി പറഞ്ഞിട്ടും അന്യപഞ്ചായത്തുകളിലെ സെന്ററുകളിലാണ് പ്രവേശിപ്പിക്കുന്നത്. നഗരസഭാ പ്രദേശത്ത് ഒരാള്‍ക്ക് രോഗം സ്ഥിതീകരിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ നഗരസഭയുടെ സെന്ററില്‍ പ്രവേശിപ്പിക്കാന്‍ കഴിയും. ഒരാള്‍ക്ക് രോഗം സ്ഥിതീകരിച്ചാല്‍ രോഗിയായ ആളോ ബന്ധുക്കളോ സമീപവാസികളോ അറിയിക്കുമ്പോഴാണ് നഗരസഭാ അധികൃതര്‍ പോലും വിവരം അറിയുന്നത്.  ഉത്തരവാദിത്വം നഗരസഭയ്ക്ക് നല്‍കിയാല്‍ കാലതാമസം കൂടാതെ സുരക്ഷിതമായി നഗരസഭയുടെ സെന്ററിലേക്ക് ഇവരെ മാറ്റാന്‍ കഴിയും. ഇതു സംബന്ധിച്ച് കളക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി അയച്ചിട്ടും നഗരസഭാ പ്രദേശത്തെ ഒരാളെപ്പോലും നഗരസഭയുടെ സെന്ററില്‍ പ്രവേശിപ്പിക്കാത്തത് തെറ്റായ നടപടിയാണ്. രണ്ടാമത്തെ ജീവനക്കാരുടെ ഷിഫ്റ്റിന് ശേഷമാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഇത് ഗൗരവമായി കണ്ട് അടിയന്തിര പരിഹാരം കാണാനും അന്വേഷിച്ച് നടപടി സ്വീകരിക്കാനും ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.എം.രാജീവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോളേജിന്റെ ക്യാന്റീന്‍ നടത്തിപ്പുകാരെയാണ് ഭക്ഷണത്തിന്റെ ചുമതല ഏല്‍പ്പിച്ചത്. ജീവനക്കാരടക്കം എല്ലാവരും ഇവിടെ നിന്നുതന്നെയാണ് ഭക്ഷണം കഴിക്കുന്നത്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നിലവാരം മെച്ചപ്പെടുത്താന്‍ ക്യാന്റീന്‍ നടത്തിപ്പുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീണ്ടും പരാതി ഉയരുന്ന സാഹചര്യത്തില്‍ പുതിയ ആളുകളെ ഭക്ഷണം പാകം ചെയ്യുന്നതിനായി ചുമതലപ്പെടുത്തും. ഭക്ഷണം കൂടുതല്‍ ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി അവര്‍ക്കായി പ്രത്യേകം കൂടുതല്‍ ഭക്ഷണം നല്‍കും. നേരത്തെ പാഴ്‌സലായി നല്‍കിയതിനു പുറമെ കൂടുതല്‍ ഭക്ഷണം പ്രത്യേകമായി എടുത്തുവെയ്ക്കുക പതിവാണ്. നല്‍കുന്ന ഭക്ഷണപ്പൊതിയില്‍ത്തന്നെ കൂടുതലായി ആഹാരം നല്‍കണമെന്നായിരുന്നു ചിലരുടെ ആവശ്യം. ഭക്ഷണ സാധനങ്ങളടക്കമുള്ളവ ഇന്‍സനേറ്ററില്‍ കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. ആഹാര സാധനങ്ങള്‍ കൂടുതലായി പാഴാക്കിയാല്‍ കത്തിച്ചുകളയുന്നതിന് കാലതാമസം നേരിടുന്നതിനാലാണ് നല്‍കുന്ന ആഹാരത്തില്‍ കുറവു വരുത്തിയത്. ആരാവശ്യപ്പെട്ടാലും വീണ്ടും ഭക്ഷണം നല്‍കുകയും ചെയ്യാറുണ്ട്. പുറത്തുനിന്നുള്ള ആഹാരസാധനങ്ങള്‍ അനുവദിക്കാതിരുന്നത് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരവും മാലിന്യം നിയന്ത്രിക്കുന്നതിനുമാണ്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നിര്‍ദ്ദിഷ്ട സമയത്ത് നിര്‍ദ്ദേശിക്കപ്പെടുന്ന ആഹാര സാധനങ്ങള്‍ നിശ്ചിത അളവില്‍ സെന്ററില്‍ എത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം 100 കിടക്കകള്‍ കൂടി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ചുരുക്കം ചിലരുടെ വീഴ്ച നഗരസഭയുടെ വീഴ്ചയായി ചിത്രീകരിക്കുന്നത് തെറ്റായ നടപടിയാണ്. നഗരസഭ ശരിയായ രീതിയില്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കും എന്ന് ഉറപ്പുള്ളതിനാലാണ് വീണ്ടും 100 കിടക്കകള്‍ കൂടി വര്‍ദ്ധിപ്പിക്കുന്നത്. നാളിതുവരെ നഗരസഭാ പ്രദേശത്തെ ഒരാളെപ്പോലും പ്രവേശിപ്പിക്കാതിരുന്നിട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളിലും അന്യ ജില്ലകളിലുമുള്ളവരെ വളരെ ഉത്തരവാദിത്വത്തോടെയാണ് നഗരസഭ പരിപാലിച്ചിരുന്നതെന്നും ചെയര്‍മാന്‍ കെ.ഷിബുരാജന്‍ പറഞ്ഞു.

Related Articles

Back to top button