KeralaLatest

“Manju”

 

സ്വന്തം ലേഖകൻ

കോഴിക്കോട്: ഷുക്കൂര്‍ വധക്കേസും ഷുഹൈബ് വധക്കേസും വാദിക്കാന്‍ രണ്ട് കോടി രൂപ വക്കീല്‍ ഫീസ് നല്‍കിയത് എവിടെ നിന്നെന്ന ചോദ്യവുമായി കെ.എം ഷാജി എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മുഖ്യമന്ത്രി നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങളെ തുടര്‍ന്ന് പ്രതികരണവുമായി രംഗത്തെത്തിയതായിരുന്നു കെ.എം ഷാജി.

തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പറന്നുവന്ന ഹെലികോപ്റ്ററിന് എട്ട് ലക്ഷം രൂപ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് നല്‍കിയത്. പക്ഷേ പിന്നീട് അത് റദ്ദാക്കുകയായിരുന്നുവെന്നും ഷാജി പറഞ്ഞു. പക്ഷേ എന്നാലും അങ്ങനെ കൊടുക്കാന്‍ പാടുണ്ടോ. ഇതാണ് ഞങ്ങളുടെ ചോദ്യം. രണ്ട് കോടി രൂപയാണ് ഷുക്കൂറിന്റെയും ഷുഹൈബിന്റെയും കേസ് വാദിക്കാന്‍ അഡ്വ. രജിത് കുമാറിന് നല്‍കിയത്. ഒരു മണിക്കൂറിന് 25 ലക്ഷം രൂപ ഫീസുള്ള വക്കീലാണ് രജിത് കുമാര്‍. ഔദ്യോഗിക രേഖ എന്റെ കൈയ്യിലുണ്ട്. മുഖ്യമന്ത്രി പറയുന്നുണ്ട് അത്ദുരിതാശ്വാസ ഫണ്ടില്‍ നിന്നല്ലെന്ന്, ശരി, എങ്കില്‍ പിന്നെ എവിടുന്നാണ് മുഖ്യമന്തി നിങ്ങള്‍ ആ പണം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. .

നിങ്ങളുടെ വീട്ടിലെ പൈസകൊണ്ടാണോ, അതൊ കെ.എം ഷാജിയുടെ അച്ചിവീട്ടിലെ പണം കൊണ്ടാണോ അലല്ലോ. ഷുക്കൂറിന്റെ ഉമ്മ മകന്റെ മയ്യത്ത് പുതപ്പിക്കാന്‍ വാങ്ങിയ പുടവയുടെ നികുതിയുണ്ട് ആ പണത്തില്‍. ശരത് ലാലിന്റെയും കൃപേഷിന്റെയും സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ വാങ്ങിയ പുടവയുടെ നികുതിയുണ്ട് ആ പണത്തില്‍. ശരത് ലാലിന്റെയും കൃപേഷിന്റെയും സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ വാങ്ങിയ ചന്തനത്തിരിയുടെയും എണ്ണയുടെയും നികുതിപ്പണവുണ്ട്. ആ പണം എടുത്താണോ കൊലയാളികള്‍ക്ക് വേണ്ടി വാതിച്ച വക്കീലിന് കൊടുക്കേണ്ടത്. അത് ചോദിച്ചൂടെ, ഞങ്ങള്‍ക്ക് ചോദിക്കാന്‍ അവകാശമില്ലേ.. കൊവിഡ് പ്രമാണിച്ച് രാഷ്ട്രീയത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും ഷാജി ചോദിച്ചു.

ദുരിതാശ്വാസ നിധിയിലെ പണം നേര്‍ച്ചപ്പെട്ടിയില്‍ ഇടുന്ന പൈസയല്ല. സര്‍ക്കാരിന് കൊടുക്കുന്ന പൈസയാണ്. അതേപറ്റി ചോദിക്കുന്നതാണോ തെറ്റെന്ന് ഷാജി പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം ഷാജി..

ദുരിതാശ്വാസ നിധിയില്‍ നിന്ന് പണമെടുത്ത് ഒരു ഇടതുപക്ഷ എംഎല്‍എയ്ക്ക് കൊടുത്തില്ലേ എന്നും അദ്ദേഹം ചോദിച്ചു. 25 ലക്ഷം രൂപയാണ് കൊടുത്തത്. ഞാന്‍ അവരുടെ പേര് പറയുന്നില്ല. മുഖ്യമന്ത്രിയെ പോലെ ആള്‍ക്കാരെ ആക്ഷേപിക്കാനല്ല ഞാന്‍ പത്രസമ്മേളനം നടത്തുന്നത്.

പൊതുപ്രവര്‍ത്തകരുടെ ആശുപത്രി ചിലവിന്റെ പണം കൊടുത്തെങ്കില്‍ മനസിലാക്കാം. പക്ഷേ ബാങ്കിലെ കടം വീട്ടാനാണ് പണം കൊടുത്തത്. മുഖ്യമന്ത്രി ഇന്നലെ ചോദിച്ചു ദുരിതാശ്വാസ നിധിയിലെ പണം ഇങ്ങനെയൊക്കെ ചിലവഴിക്കാവോ എന്ന്. ഞങ്ങളും അതുതന്നെയാണ് ചോദിക്കുന്നത്.
.
പൊതുപ്രവര്‍ത്തകര്‍ക്ക് ചിലപ്പോള്‍ അവസാനകാലത്ത് ബുദ്ധിമുട്ടിലാകാം. അവരെയൊക്കെ ആരെങ്കിലുമൊക്കെ സഹായിക്കുന്നുണ്ടാകാം. പൊതുജനങ്ങളുടെ കയ്യിലെ പണം എടുത്ത് ഇങ്ങനെ പാര്‍ട്ടിക്കാരെ സഹായിക്കാന്‍ കൊടുക്കുന്നത് മാന്യമായ ഏര്‍പ്പാടല്ല.

ആയിരം കോടിരൂപയോളം ഗ്രമീണ റോഡുകള്‍ നിര്‍മിക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണമെടുത്താണ് കൊടുത്തത്. ഇതില്‍ നിന്ന് പ്രതിപക്ഷത്തെ എം.എല്‍.എമാര്‍ക്ക് ഏഴ് ശതമാനവോ, എട്ട് ശതമാനമോ ആണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നും ഷാജി പറഞ്ഞു.

പ്രളയം അല്ല, കൊവിഡ് അല്ല അതിന് അപ്പുറത്തെ എന്തുവന്നാലും ഷുക്കൂറിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും ഒക്കെ മാതാപിതാക്കളുടെ കണ്ണീരോളം വരില്ല അതൊന്നും. അത് ആരും മറക്കുമെന്ന് വിചാരിക്കേണ്ട. ആ കേസിന്റെ അവസാനം വരെ ഞാനുണ്ടാകും. പിണറായിയെ കാണുമ്പോള്‍ മുട്ടുവിറച്ച് മൂത്രമൊഴിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകരല്ല കേരളത്തിലെ ജനങ്ങള്‍.

ഞാന്‍ ഇന്നലെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച പോലെ വിക്രമിന്റെ അന്യന്‍ സിനിമയ്ക്ക് പല ഭാവവ്യത്യാസങ്ങളുമുണ്ട്. പെട്ടെന്ന് ക്രൂദ്ധനായി പെട്ടെന്ന് ശാന്തനായി, നമ്മുടെ മുഖ്യമന്ത്രി അങ്ങനെയാണ് ബിജെപിക്കാരെ കാണുമ്പോള്‍ ശാന്തനായി, ഇടയ്ക്കൊന്ന് കണ്ണിറുക്കി, ലൈറ്റ് ഒക്കെ ഓഫാക്കി വളരെ ലാസ്യഭാവനത്തില്‍. പ്രളയവും ഓഖിയുമൊക്കെ കഴിയുമ്പോള്‍ പണം വേണമല്ലോ അപ്പോള്‍ വളരെ ശാന്തഭാവത്തില്‍. കേരളത്തിലെ രാഷ്ട്രീയ. കൊലപാതകങ്ങളെക്കുറിച്ച് ചോദിച്ചാല്‍ ക്രൂദ്ധഭാവത്തില്‍ ഈ അഭിനയം കൊള്ളാം.

സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ ഒരു കോടി എഴുപത്തഞ്ച് ലക്ഷം രൂപയാണ് മുഖ്യമന്ത്രി ചിലവഴിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെ കണക്കാണ്. അദ്ദേഹത്തിന്റെ പി.ആര്‍ വര്‍ക്കിന് വേണ്ടി ചിലവഴിച്ച കോടികള്‍ എത്രയാണ്. ഈ പണം എവിടുന്നാകൊടുക്കുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ആരുടെയും അച്ചി വീട്ടിലെ പൈസ അല്ല. എന്റെ മുമ്പില്‍ ക്യാമറയും തൂക്കിനില്‍ക്കുന്ന നിങ്ങളടക്കം ഉള്ള മുഴുവന്‍ പാവങ്ങളുടെയും പണമാണ്. .

8000 കോടി രൂപ പ്രളയ ഫണ്ടിലേക്ക് വന്നു. 20.7.19 വരെ അത് ചിലവഴിച്ചത് 2000 കോടിയാണ്. 5000 കോടിയോളം പ്രളയഫണ്ടിനുവേണ്ടി കൊടുത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുണ്ട്. നിങ്ങളതിന്റെ നോംസ് എടുത്ത് വായിച്ചുനോക്കു. ഇമ്മീഡിയറ്റ് റിലീഫ് എന്നാണ് എഴുതിയിരിക്കുന്നത്. പ്രളയം കഴിഞ്ഞിട്ട് എത്രയായി.

കാക്കനാടെ സഖാവ് പണം അടിച്ചുമാറ്റുമ്പോള്‍ പതിനായിരം രൂപ കിട്ടാതെ വയനാട്ടിലെ ഒരു സാധു ആത്മഹത്യ ചെയ്തില്ലേ. എന്താ അതിന്റെ രാഷ്ട്രീയം അത് ഞങ്ങള്‍ക്ക് ചോദിക്കാനാകില്ലെ. എന്റെ വൃക്ക വില്‍ക്കാനുണ്ടെന്ന് ഇടുക്കിയിലെ ഒരു പാവം എഴുതിവെച്ചില്ലേ. രണ്ട് പ്രളയം ബാധിച്ച ആളാണ് 10000 രൂപയ്ക്ക്വേണ്ടി ആത്മഹത്യ ചെയ്തത്. .

46 കോടിരൂപ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചിലവഴിച്ചത് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി എനിക്കെതിരെ വെറളി എടുക്കുമ്പോള്‍ ലോകായുക്തയില്‍ കേസ് നടക്കുകയാണ്. അതെങ്ങനെയാണ് സംഭവിച്ചത്. പിന്നെ അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യമുണ്ട്. എനിക്ക് വികൃത മനസാണെന്ന്. എനിക്ക് വികൃത മനസാണോ, സുകൃത മനസാണോ എന്ന് സ്ഥിരീകരിക്കേണ്ടത് നാട്ടുകാരാണ്. ഒരുകാര്യം ഉറപ്പുണ്ട് എന്റെ മനസുകൊണ്ട് ഒരമ്മയ്ക്കും കണ്ണുനീര്‍ പൊഴിക്കേണ്ടിവന്നിട്ടില്ല, ഒരു മകനും അച്ഛനില്ലാതായി പോയിട്ടില്ല, ഏതെങ്കിലും ഒരു വീട്ടില്‍ ഒരു നേരത്ത് പട്ടിണി കിടക്കേണ്ടിവന്നില്ല. ഒരു ഭാര്യയ്ക്കും ഭര്‍ത്താവിനെ നഷ്ടപ്പെട്ട് കരയേണ്ടിവന്നിട്ടില്ല. ഇതൊക്കെ സംഭവിച്ചത് ആരുടെ വികൃതമുഖവും വികൃത മനസും മൂലമാണെന്ന് മലയാളിക്ക് നന്നായിട്ടറിയാമെന്നും ഷാജി പറഞ്ഞു.

Related Articles

Leave a Reply

Back to top button