
രജിലേഷ് കെ.എം.
ലക്‌നൗ: ലോക്ഡൗണിനിടെ ഉത്തര്‍പ്രദേശില്‍ ക്രൂരമായ കൊലപാതകം. വൃദ്ധയെ ഒരു യുവാവ് വെടിവച്ച് കൊലപ്പെടുത്തി. വീടിന്റെ മുകളില്‍ കയറിനിന്ന് അയല്‍വാസികള്‍ ഈ ദൃശ്യം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയെങ്കിലും പ്രാണനു വേണ്ടിയുള്ള അവരുടെ നിലവിളിക്ക് ആരും ചെവികൊടുത്തില്ല. രണ്ടു തവണ വെടിയേറ്റ വൃദ്ധ നിലത്തുകിടന്ന് പ്രാണവേദനയാല്‍ പുളയുന്ന ദൃശ്യവും വീഡിയോയില്‍ പകര്‍ത്തി അയല്‍വാസികള്‍ പുറത്തുവിട്ടു.
കസ്ഗഞ്ചിലാണ് സംഭവം നടന്നത്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് ഇടുങ്ങിയ തെരുവില്‍ വച്ച് യുവാവ് വൃദ്ധയെ ഭീഷണിപ്പെടുത്തിയത്. വീട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച 60കാരിയെ ഇയാള്‍ പിന്നില്‍ നിന്നും വെടിവച്ച് വീഴ്ത്തി. നിലത്തുവീണ് പ്രാണനുവേണ്ടി പിടയുമ്പോള്‍ രണ്ടാമതും വെടിവച്ചു. ഉടന്‍ തന്നെ സ്ത്രീ മരിക്കുകയും ചെയ്തു.
ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വന്നതോടെ പോലീസ് പ്രതിയെ പിടികൂടി ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളും പിടിയിലായിട്ടുണ്ട്. കൊലപാതകം ചിത്രീകരിച്ചവര്‍ക്കെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്നും പോലീസ് പറയുന്നു.