India

“Manju”

ശ്രീജ

ന്യൂഡല്‍ഹി: തബ് ലീഗ് ജമാഅത്തെ നേതാവിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. തബ് ലീഗ്‌ ജമാഅത്തെ നേതാവായ മൗലാന സാദ്ഖാണ്ഡല്‍വിക്കെതിരേ കള്ളപ്പണം വെളുപ്പിച്ചതിനാണ് ഇഡി കേസെടുത്തത്.

ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും വരെ ആളുകള്‍ പങ്കെടുത്ത തബ് ലീഗ്‌ ജമാഅത്ത് മര്‍ക്കസിന്റെ പണനിക്ഷേപവുമായി ബന്ധപ്പെട്ട് അന്വേഷണവും നടത്തുന്നുണ്ട്. .

ജമാഅത്ത് നേതാവിനും മറ്റ് അഞ്ചുപേര്‍ക്കുമെതിരേ ഡല്‍ഹി ക്രൈംബ്രാഞ്ച് മാര്‍ച്ച് 31ന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. 1897ലെ പകര്‍ച്ചവ്യാധി നിരോധനനിയമത്തിന്റെ പേരിലാണ് ഡല്‍ഹി പോലീസ് കേസെടുത്തിരുന്നത്. ലോക്ക്ഡൗണ്‍ ഭേദിച്ച് മതസമ്മേളനം നടത്തിയ കുറ്റമടക്കം ചുമത്തിയായിരുന്നു കേസ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരുന്നു.

നിയമങ്ങള്‍ ലംഘിച്ചുള്ള നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് കൊറോണ ബാധിക്കുകയും രാജ്യമൊട്ടാകെ രോഗം പടരുകയും ചെയ്തിരുന്നു. ഖാണ്ഡല്‍വിയായിരുന്നു സമ്മേളനത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡല്‍ഹി പോലീസ് മതനേതാവിനും ജീവനക്കാർക്കുമെതിരേ കേസെടുത്തത്. ഇതിനു പിന്നാലെയാണ് ഇഡി കേസ് വരുന്നത്.

“തങ്ങള്‍ തബ് ലീഗ് ജമാഅത്തിന്റെ ഓഫീസിന്റെയും സാമ്പത്തിക ഇടപാടുകളും ബാങ്ക് രേഖകളും പരിശോധിച്ചു വരികയാണ്. പലസുപ്രധാനരേഖകളും കണ്ടെത്തിയിട്ടുണ്ട്”. ക്വാറന്റൈനില്‍ കഴിയുന്ന ഖാണ്ഡല്‍വിയെ എത്രയും പെട്ടെന്ന് ചോദ്യംചെയ്യുമെന്നും ഇഡി അറിയിച്ചു. ഖാണ്ഡൽവിയുടെയും മറ്റ് ഓഫീസ് ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. ..

സംഘടന വിദേശത്തു നിന്നും മറ്റും സ്വീകരിച്ച സംഭാവനകളും ഇഡി പരിശോധിച്ചു വരികയാണ്.

50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നടത്തരുതെന്ന് മാര്‍ച്ച് 21ന് തന്നെ ഡല്‍ഹി പോലീസ് മര്‍ക്കസ് നേതൃത്വത്തിന് മുന്നറിയിപ്പു് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ച് ആരോഗ്യവകുപ്പിനെയോ പോലീസിനെയോ അറിയിക്കാതെയായിരുന്നു .സമ്മേളനം നടത്തിയതെന്നാണ് ഡല്‍ഹി പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. .

സമ്മേളന പ്രതിനിധികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 25000 പേരിലധികം രാജ്യത്ത് ക്വാറന്റൈനിലാണ്. സമ്മേളനത്തില്‍ പങ്കെടുത്ത് വിവിധയാളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയതോടെ ഇന്ത്യയിലെ പ്രധാന കൊറോണ ഹോട്ട്‌സ്‌ പോട്ടുകളിലൊന്നാവുകയായിരുന്നു നിസാമുദ്ദീനിലെ മര്‍ക്കസ്.

Related Articles

Leave a Reply

Back to top button