
സിന്ധുമോള്‍
തിരുവനന്തപുരം∙ കോവിഡ് രോഗം വ്യാപനവും ലോക്ഡൗണും നിലനില്‍ക്കുന്നതിനാല്‍ കുട്ടനാട്, ചവറ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സാധ്യത വളരെ കുറവെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേരളത്തില്‍ മാത്രമായി തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയില്ലെന്നും ലോക്ഡൗണിന് ശേഷം തിരഞ്ഞടുപ്പ് നടത്താനുള്ള സാവകാശം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കില്ലെന്നും ടിക്കാറാം മീണ അറിയിച്ചു.
തോമസ് ചാണ്ടിയുടെ മരണത്തെതുടര്‍ന്നുള്ള കുട്ടനാട് ഉപതിരഞ്ഞെടുപ്പിനെ സ്ഥാനാര്‍ഥി നിര്‍ണയം നടക്കുന്നതിനിടെയിലാണ് കോവിഡ് എത്തിയത്. ചവറയില്‍ വിജയന്‍പിള്ളയുടെ വേര്‍പാടും കോവിഡ് എത്തുന്നതിന് മുന്‍പായിരുന്നു. നിയമസഭയ്ക്ക് ഒരു വർഷമെങ്കിലും കാലാവധി ബാക്കിയുണ്ടെങ്കിലേ ഉപതിരഞ്ഞെടുപ്പുകൾ നടത്താനാവുകയുള്ളൂ.
ലോക്ഡൗണിന് ശേഷം രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം ചേരും. എന്നാല്‍ ഒരു സംസ്ഥാനത്തേക്ക് മാത്രം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ല. വോട്ടെടുപ്പ് തീയതിക്ക് ഒരു മാസം മുമ്പെങ്കിലും തിരഞ്ഞെടുപ്പുു പ്രഖ്യാപിക്കുന്നതാണ് സാധാരണ രീതി. തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഏതാണ്ട് വ്യക്തമായതോടെ കുട്ടനാട്ടിലും ചവറയിലും ജനപ്രതിനിധിയില്ലാതെ ഈ നിയമസഭാ കാലാവധി പൂര്‍ത്തിയാവും.