
സ്വന്തം ലേഖകൻ
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടിയ മുസ്‌ലിംലീഗ് എംഎൽഎ കെ.എം. ഷാജിക്കെതിരെ വിജിലൻസ് അന്വേഷണ തീരുമാനം കൂടി പുറത്തുവന്നതോടെ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള കോവിഡ്കാല ഐക്യം പൂർണമായും തകർന്നു. വർധിതവീര്യത്തോടെ ഇരുപക്ഷവും ഏറ്റുമുട്ടൽ ആരംഭിച്ചതോടെ സംസ്ഥാന രാഷ്ട്രീയം വീണ്ടും ചൂടുപിടിച്ചു.
കോൺഗ്രസിനെക്കാൾ പ്രഹരശേഷിയോടെ മുസ്‌ലിംലീഗ് ആക്രമണം അഴിച്ചുവിട്ടതു സമീപകാല രാഷ്ട്രീയത്തിലെ ശ്രദ്ധേയ വഴിത്തിരിവുമായി. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമായതോടെ പലരും വ്യാഖ്യാനിച്ച സിപിഎം–ലീഗ് അന്തർധാര കെ.എം.ഷാജിയുടെ ഒറ്റ ഫെയ്സ്ബുക് കുറിപ്പ് പൊളിച്ചു.
സ്പ്രിൻക്ലർ വിവാദത്തിൽ തനിക്കെതിരെ ചോദ്യങ്ങൾ ഉയരുന്നതു കണ്ടാണു പതിവു ശൈലിയിൽ നിന്നു വ്യത്യസ്തമായി ‘‘ഷാജി പറഞ്ഞതു കണ്ടോ’ എന്ന ചോദ്യം പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് അങ്ങോട്ടു ചോദിച്ചത്. ഒരു പ്രതിപക്ഷ എംഎൽഎയുടെ ഫെയ്സ്ബുക് കുറിപ്പിൽ മുഖ്യമന്ത്രി പ്രകോപിതനായതു ലീഗ് നേതൃത്വത്തെ ആദ്യം അദ്ഭുതപ്പെടുത്തുകയാണു ചെയ്തത്.
കോവിഡിൽ സർക്കാരിനു പിന്തുണ നൽകുന്നതിനിടെ യൂത്ത് ലീഗിന്റെ സന്നദ്ധസേനയായ ‘വൈറ്റ് ഗാർഡി’ന്റെ സേവനം പൊലീസ് തടസ്സപ്പെടുത്തിയതിൽ ലീഗിന്റെ യുവ–വിദ്യാർഥി വിഭാഗത്തിലാകെയുള്ള അമർഷം കൂടിയാണു ഷാജിയുടെ വാക്കുകളിലൂടെ പുറത്തു വന്നത്. പ്രത്യേക നിറമുള്ള വസ്ത്രം ധരിച്ചു ചിലർ സന്നദ്ധ പ്രവർത്തനത്തിലേർപ്പെടുന്നത് ഒഴിവാക്കണമെന്നു നേരത്തേ മുഖ്യമന്ത്രി നിർദേശിച്ചതും ‘വൈറ്റ് ഗാർഡി’നെ ഉന്നംവച്ചായിരുന്നു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച അതേ ശൈലിയാണു ഷാജിക്കെതിരെ ലീഗിലെ ഉൾപ്പിരിവുകൾ നന്നായി ബോധ്യമുള്ള പിണറായി സ്വീകരിച്ചത്. എം.കെ. മുനീർ–ഷാജി അച്ചുതണ്ടിന്റെ മറുവെടി പ്രതീക്ഷിച്ചുവെങ്കിലും ലീഗിൽ പതയുന്ന സർക്കാർ വിരുദ്ധ വികാരത്തിന്റെ കുത്തക ആ വിഭാഗത്തിന്റെ മാത്രമായി മാറരുതെന്നു തീർച്ചപ്പെടുത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ പ്രത്യാക്രമണം നയിക്കുന്ന അപ്രതീക്ഷിത കാഴ്ച പിണറായി കണ്ടു.
സ്പ്രിൻക്ലർ വിവാദത്തെക്കുറിച്ച് അനിഷ്ട ചോദ്യങ്ങൾ അന്തരീക്ഷത്തിലാകെ ഉയരുന്നുവെന്നു കൂടി തിരിച്ചറിഞ്ഞു. കേരളമാകെ ഉറ്റുനോക്കിയിരുന്ന പ്രതിദിന വാർത്താസമ്മേളനം തന്നെ അദ്ദേഹം നിർത്തി. വാർത്താസമ്മേളനങ്ങളുടെ ഉദ്ദേശ്യലക്ഷ്യം തെറ്റുന്ന തരത്തിലേക്കു പലപ്പോഴും അതു മാറുന്നുവെന്ന വിമർശനം എക്കാലവുമുളള പിണറായി ആ പഴയ വീക്ഷണത്തിൽ മുറുകെപ്പിടിച്ചപ്പോൾ അതു തങ്ങളുടെ നേട്ടമായി പ്രതിപക്ഷം അവകാശപ്പെടുന്നു.
സ്പ്രിൻക്ലറിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തിയതോടെ വിഷയം കൊഴുത്തു. . മുഖ്യമന്ത്രി പൂർണമായും കളി നിയന്ത്രിച്ചിരുന്ന ദിനങ്ങളിലെ സ്പ്രിൻക്ലർ ഗോളിന്റെ ആവേശത്തിൽ നിയമ നടപടികളിലേക്കു കടക്കാനൊരുങ്ങുകയാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഡേറ്റയുടെ സ്വകാര്യതയും പരിരക്ഷയും എക്കാലവും സിപിഎം ഉയർത്തിപ്പിടിക്കുന്ന വിഷയമാണെന്നിരിക്കെ അതിനു വിരുദ്ധമായി കേരളത്തിൽ സംഭവിച്ചുവെന്ന പ്രതിപക്ഷ ആക്ഷേപം സിപിഎം മുഖപത്രത്തിൽ ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിഷേധിച്ചു.
എന്നാൽ സ്പ്രിൻക്ലറിലോ ഷാജിയിലോ സർക്കാരിനെ പ്രതിരോധിക്കാൻ സിപിഐ അടക്കം തയാറായിട്ടില്ല. ലോക്ഡൗൺ ദിനങ്ങളിൽ ഉൾപ്പാർട്ടി ചർച്ചകൾ ഇടതുപക്ഷത്തു നടക്കാത്തതു കൂടിയാണു കാരണമെങ്കിലും കോവിഡ് പ്രതിരോധത്തിൽ സർക്കാർ നേടിയ യശസ്സിൽ സ്പ്രിൻക്ലറും പ്രതിപക്ഷ എംഎൽഎക്കെതിരെ വിജിലൻസ് നീക്കത്തിനു തിരഞ്ഞെടുത്ത സമയവും പോറൽ വീഴ്ത്തുന്നുവോയെന്നു സന്ദേഹിക്കുന്നവർ മുന്നണിയിലുണ്ട്