മരിച്ചു വീഴുന്നത് ആയിരങ്ങൾ, സംസ്കരിക്കാനാവാതെ മൃതദേഹങ്ങൾ ദിവസങ്ങളോളം വീട്ടിൽ, ഇക്വഡോറിൽ സ്ഥിതി രൂക്ഷം

ക്വിറ്റോ: തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ സർക്കാർ പുറത്തുവിടുന്ന ഔദ്യോഗിക കണക്കനുസരിച്ച് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 421 ആണ്. 8,450 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിരിക്കുന്നതെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ ഔദ്യോഗിക കണക്കുകളെക്കാൾ ഭീകരമാണ് ഇക്വഡോർ പ്രവിശ്യകളിലെ സ്ഥിതി. ഗ്വായാസ് പ്രവിശ്യയിൽ മാത്രം ആയിരത്തിലേറെ പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചിരിക്കാമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ മാസത്തിലെ രണ്ട് ആഴ്ചകൾക്കുള്ളിൽ തന്നെ ഗ്വായാസിൽ 6,700 മരിച്ചതായാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. ഗ്വായാസ് പ്രവിശ്യയിലാണ് ഇക്വഡോറിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നും ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതുമായ ഗ്വായാകിൽ. വീടുകളിലും മറ്റും മരിക്കുന്നവരുടെ മൃതദേഹങ്ങൾ അഞ്ച് ദിവസം വരെ വീടുകളിൽ തന്നെ സൂക്ഷിക്കേണ്ട സ്ഥിതിയിലാണ് ഇവിടുത്തെ ജനങ്ങൾ.
ദിനംപ്രതി നൂറുകണക്കിന് പേർ മരിച്ചു വീഴുന്നു. ശ്മശാനങ്ങളും മോർച്ചറികളും നിറഞ്ഞു. മൃതദേഹങ്ങൾ സൂക്ഷിക്കാനിടമില്ല. ശവപ്പെട്ടികളും കിട്ടാനില്ല. എന്നിട്ടും ഇക്വഡോർ സർക്കാർ പറയുന്നത് 421 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ്. ശരിക്കും ഈ 421 പേർ മാത്രമായിരിക്കാം രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയമായിട്ടുള്ളത്. അധികൃതർക്ക് ഗ്വായാകില്ലിലെ മരണങ്ങൾ നിയന്ത്രിക്കാനാകുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. ചിലർ പ്ലാസ്റ്റിക് ഷീറ്റുകളിലും മറ്റും പൊതിഞ്ഞ് മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കാൻ നിർബന്ധിതരാകുമ്പോൾ മറ്റു ചിലർ മൃതദേഹങ്ങൾ തെരുവുകളിൽ ഉപേക്ഷിക്കുന്നു. ഗ്വായാകില്ലിൽ ശവപ്പെട്ടി ക്ഷാമം രൂക്ഷമായതോടെ അധികൃതർ കഴിഞ്ഞ ആഴ്ച മുതൽ ആയിക്കണക്കിന് കാർഡ്ബോർഡ് ശവപ്പെട്ടികൾ വിതരണം ചെയ്തു തുടങ്ങിയിരുന്നു.
ഗ്വായാകില്ലിൽ ഈ ആഴ്ച ഇതേവരെ വീടുകളിൽ നിന്നും ശേഖരിച്ചത് 771 മൃതദേഹങ്ങളാണെന്ന് പൊലീസ് പറയുന്നു. മാർച്ച് മുതൽ ആകെ 14,561 പേർ ഗ്വായാസ് പ്രവിശ്യയിൽ മരിച്ചെന്നാണ് കണക്കുകൾ. സാധാരണ ഒരു മാസം 2,000 മരണം വരെ ഗ്വായാസ് പ്രവിശ്യയിൽ ഉണ്ടാകും. ഇക്വഡോറിൽ കൊവിഡ് ടെസ്റ്റ് വ്യാപകമല്ലാത്തത് രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണം വർദ്ധിപ്പിക്കുകയാണ്.
ലാറ്റിനമേരിക്കക്കാർക്കിടയിൽ പണക്കാരുടെ രോഗമായാണ് കൊവിഡ് അവതരിച്ചിരിക്കുന്നത്. ലാറ്റിനമേരിക്കയിൽ വിദേശത്ത് പോയി വന്ന സമൂഹത്തിലാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. ഇക്വഡോറിലും കൊവിഡ് കടന്നുവന്നത് വിദേശത്ത് നിന്നാണ്. ഗ്വായാകില്ലും സ്പെയിനും തമ്മിലുള്ള വ്യാപാരബന്ധം വൈറസ് വ്യാപനത്തിനിടയായെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. സ്പെയിനിൽ നിന്നും തിരിച്ചെത്തിയ ഒരു സ്ത്രീയ്ക്കാണ് ഇക്വഡോറിൽ ആദ്യമായി കൊവിഡ് കണ്ടെത്തിയത്. ദുർബലമായ ആരോഗ്യമേഖലയും സാമൂഹിക അകലം പാലിക്കാനാകാത്ത സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന തെരുവുകളും ഇക്വഡോറിൽ രോഗം വ്യാപനത്തിന്റെ തോത് ഇരട്ടിയാക്കി. നിയന്ത്രണങ്ങൾ പാലിക്കാൻ ഇക്വഡോറിലെ ജനങ്ങൾ തയാറാകുന്നില്ലെന്നാണ് അധികൃതരുടെ പരാതി. പരിശോധനകൾ ഫലപ്രദമല്ലാത്തതിനാൽ വൈറസ് വ്യാപനത്തിന്റെ ദിശ കൃത്യമായി നിർണയിക്കാനും സാധിക്കുന്നില്ല.
കൊവിഡിനെതിരെ സർക്കാർ നടപടികൾ വൈകിയതിൽ വൈസ് പ്രസിഡന്റ് ഓട്ടോ സോണെൻഹോൾസർ കഴിഞ്ഞാഴ്ച ജനങ്ങളോട് മാപ്പ് അറിയിച്ചിരുന്നു. ആളുകൾ തിങ്ങി നിറഞ്ഞ് ജീവിക്കുന്ന ഗ്വായകിൽ നഗരത്തിൽ ദാരിദ്ര്യം മറ്റൊരു വില്ലനാണ്. നിയന്ത്രണങ്ങൾ ലംഘിച്ച് പലരും ജോലിയ്ക്ക് പോകാൻ തുനിയുന്നതിന്റെ പ്രധാന കാരണവുമിതാണ്.