India

അതിർത്തിക്കുരുക്കിൽ പൊലിഞ്ഞ് കുരുന്നുജീവൻ

“Manju”

സിന്ധുമോള്‍ ആര്‍

വാളയാർ (പാലക്കാട്) ∙ 11 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കായി തമിഴ്നാട്ടിൽ നിന്നു തൃശൂരിലെ ആശുപത്രിയിലേക്ക് ആംബുലൻസിലെത്തിയ ദമ്പതികളെ അതിർത്തിയിൽ തമിഴ്നാട് ഉദ്യോഗസ്ഥ സംഘം തടഞ്ഞതിനെത്തുടർന്ന് ചികിത്സ വൈകി കുഞ്ഞു മരിച്ചു. തർക്കത്തിനൊടുവിൽ, മുക്കാൽ മണിക്കൂർ വൈകി യാത്രാനുമതി നൽകിയെങ്കിലും കേരള പൊലീസിന്റെ സഹായത്തോടെ തൃശൂരിലെ ആശുപത്രിയിലെത്തിച്ച ഉടൻ കുഞ്ഞു മരിക്കുകയായിരുന്നു.

സേലം സ്വദേശികളായ നിസാമുദ്ദീൻ – റിസ്വാന ദമ്പതികൾ കുഞ്ഞിന്റെ മൃതദേഹവുമായി തിരികെ പോയപ്പോഴും ഇതേ ഉദ്യോഗസ്ഥ സംഘം തടഞ്ഞു. മരണ സർട്ടിഫിക്കറ്റില്ലാതെ കടത്തിവിടാനാകില്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കാനായിരുന്നു ശ്രമം. വിവരമറി‍ഞ്ഞു കേരള പൊലീസ് ഇടപ്പെട്ടു. പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നു സർട്ടിഫിക്കറ്റ് ലഭിക്കാൻ കേരള പൊലീസ് ശ്രമം നടത്തുന്നതിനിടെ കോയമ്പത്തൂർ കലക്ടറുടെ നിർദേശപ്രകാരം തമിഴ്നാട് സംഘം ഇവരെ അതിർത്തി കടക്കാൻ അനുവദിച്ചു.

എട്ടാം മാസത്തിലായിരുന്നു ആൺകുഞ്ഞിന്റെ ജനനം. ഹൃദയമിടിപ്പു കുറവായതിനാൽ വിദഗ്ധ ചികിത്സയ്ക്കായിരുന്നു തൃശൂരിലേക്കുള്ള യാത്ര. ജൂബിലി മിഷൻ ആശുപത്രിയിൽ അടിയന്തര ചികിത്സാ സൗകര്യമൊരുക്കി അധികൃതർ കാത്തിരിക്കുകയായിരുന്നു. എന്നാൽ, അതിർത്തിയിൽ നഷ്ടപ്പെട്ട സമയം നിർണായകമായി.

Related Articles

Leave a Reply

Back to top button