International

കടുവകൾക്ക് പിന്നാലെ വളർത്തുപൂച്ചകൾക്കും കോവിഡ്

“Manju”

രജിലേഷ് കെ.എം.

രണ്ട് വളർത്തുപൂച്ചകൾക്ക് കൊവിഡ് സഥിരീകരിച്ചു.  ആദ്യമായാണ് ഇത്തരത്തിൽ വളർത്തുമൃഗങ്ങളിൽ കൊവിഡ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തുന്നത്. ശ്വാസകോശസംബന്ധമായ നേരിയ അസ്വസ്തകളുള്ള പൂച്ചകൾ വൈകാതെ ആരോഗ്യസ്ഥിതി വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവരുടെ ഉടമകളിൽ നിന്നോ അയൽക്കാരിൽ നിന്നോ ആകാം രോഗം പകർന്നതെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ അറിയിച്ചു.

നേരത്തെ ന്യൂയോർക്കിലെ തന്നെ ബ്രോൺക്സ് മൃഗശാലയിലെ കടുവകളിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പൂച്ചകളിലും രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഈ മാസം ആദ്യം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയ നാല് കടുവകൾക്കും മൂന്ന് ആഫ്രിക്കൻ സിംഹങ്ങൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുമ്പ് നാല് വയസുള്ള നാദിയ എന്ന മലയൻ കടുവയ്ക്കാണ് മൃഗശാലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൃഗശാലയിൽ വൈറസ് കണ്ടെത്തിയ മൃഗങ്ങളുടെ എണ്ണം എട്ടായി.

നിലവിൽ കൊവിഡ് സ്ഥിരീകരിച്ച കടുവകൾക്കും സിംഹങ്ങൾക്കും ചുമ അനുഭവപ്പെടുന്നുണ്ട്. വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയ ഒരു കടുവയ്ക്ക് യാതൊരു വിധ ലക്ഷണങ്ങളുമില്ലായിരുന്നു. മൃഗശാലയിലെ ഒരു ജീവനക്കാരനിൽ നിന്നാണ് ഇവയ്ക്ക് രോഗം പകർന്നതെന്നാണ് നിഗമനം. ഇയാൾക്കും രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. ആദ്യത്തെ കടുവയക്ക് രോഗം സ്ഥിരീകരിക്കുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പാണ് ഇയാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

ബ്രോൺക്സ് മൃഗശാല അടഞ്ഞു കിടക്കുകയാണ്. പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളോടു കൂടിയാണ് ജീവനക്കാർ ഇവിടത്തെ മൃഗങ്ങളെ പരിചരിക്കുന്നത്. നിലവിൽ രോഗബാധ കണ്ടെത്തിയ കടുവകളുടെയും സിംഹങ്ങളുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്നും ഭക്ഷണം കൃത്യമായി കഴിക്കുന്നുണ്ടെന്നും മൃഗശാല അധികൃതർ പറഞ്ഞു.

മനുഷ്യരിൽ നിന്നാണ് ഈ ജീവികളിലേക്ക് കൊവിഡ് പടർന്നിരിക്കുന്നത്. എന്നാൽ ഇവയിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരുന്നതായി ഇതേവരെ കണ്ടെത്തിയിട്ടില്ല. വളർത്തുമൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് കൊവിഡ് പകരുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നു.

അതേ സമയം, പൂച്ച, നായ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ വീടിനു പുറത്തുള്ള മനുഷ്യരുമായോ മൃഗങ്ങളുമായോ ഇടപഴകാൻ ഇടയാക്കരുതെന്നും കഴിവതും വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ തന്നെ സുരക്ഷിതരാക്കുന്നതാണ് നല്ലതെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

വെറ്ററിനറി ലാബുകളിൽ നടത്തുന്ന മൃഗങ്ങൾക്ക് വേണ്ടിയുള്ള കൊവിഡ് പരിശോധന മനുഷ്യർക്ക് നടത്തുന്നതിൽ നിന്നും വ്യത്യസ്ഥമാണ്. മൃഗങ്ങൾക്കഉള്ള ടെസ്റ്റിനായുള്ള സംവിധാനം നിലവിൽ മിക്ക് രാജ്യങ്ങളിലും കുറവാണ്. മൃഗങ്ങളിൽ കൊവിഡിന്റെ വ്യാപന രീതിയെ പറ്റി ഗവേഷകർ പഠനം നടത്തുകയാണ്. കന്നുകാലികൾക്കും പക്ഷികൾക്കും കൊവിഡ് വരാൻ സാദ്ധ്യതയുള്ളതായി തെളിഞ്ഞിട്ടില്ല.

ന്യൂയോർക്കിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് വളർത്തുപൂച്ചകളും നഗരത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിലാണ് കഴിയുന്നത്. ആദ്യത്തെ പൂച്ചയ്ക്ക് പുറത്ത് കൊവിഡ് ബാധിച്ച ഏതെങ്കിലും മനുഷ്യരിൽ നിന്നാകാം കൊവിഡ് പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

രണ്ടാമത്തെ പൂച്ചയുടെ ഉടമസ്ഥന് നേരത്തെ തന്നെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാണ് പൂച്ചയ്ക്ക് വൈറസ് ബാധയേറ്റത്. എന്നാൽ ഇവിടെ തന്നെയുള്ള മറ്റൊരു പൂച്ചയ്ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല.

കൊവിഡ് ലക്ഷണങ്ങളുള്ളവർ മനുഷ്യരെ പോലെ തന്നെ വളർത്തു മൃഗങ്ങളിൽ നിന്നും അകലം പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. യു.എസിന് പുറത്ത് നേരത്തെ തന്നെ പൂച്ച, നായ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളിൽ കൊവിഡ് കണ്ടെത്തിയിരുന്നു. ഹോങ്കോങ്ങിൽ ഒരു വളർത്തു നായയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വളർത്തുമൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് കൊവിഡ് പടരില്ലെന്നും എന്നാൽ മനുഷ്യരിൽ നിന്നും വളർത്ത് മൃഗങ്ങളിലേക്ക് രോഗം വ്യാപിക്കാമെന്നും ഹോങ്കോങ്ങ് അഗ്രികൾച്ചർ അതോറിറ്റി നടത്തിയ പഠനങ്ങളിൽ പറയുന്നു.

Related Articles

Leave a Reply

Back to top button