InternationalLatest

ഫേസ്ബുക്കിന് വൻ തിരിച്ചടി : പരസ്യദാതാക്കൾ ഫേസ്ബുക് ബഹിഷ്‌കരിക്കും

“Manju”

അനുദിനം വര്‍ധിച്ചുവരുന്ന പരസ്യദാതാക്കളുടെ ബഹിഷ്‌കരണത്തില്‍ വിറയ്ക്കുകയാണ് ഫെയ്‌സ്ബുക്. ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കിലൂടെ എളുപ്പം കത്തിപ്പടരുന്ന വിദ്വേഷവും, തെറ്റിധാരണാജനകവുമായ പോസ്റ്റുകള്‍ നിയന്ത്രിക്കാനാകുന്നില്ല എന്നതാണ് യുണിലീവര്‍, കൊക്കകോള തുടങ്ങിയ വമ്പന്‍ പരസ്യദാതാക്കള്‍ ആരോപിച്ചത്. ഇതേ തുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ സ്റ്റോക് മാര്‍ക്കറ്റിലെ മൂല്യം 8.3 ശതമാനം ഇടിഞ്ഞു. 56 ബില്ല്യന്‍ ഡോളറാണ് (ഏകദേശം 4.23 ലക്ഷം കോടി രൂപ) കുറഞ്ഞത്. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വരുന്ന കണ്ടെന്റിനെക്കുറിച്ച് തങ്ങളൊന്നുമറിഞ്ഞില്ലെന്ന ഭാവന, ധിക്കാരപൂര്‍വ്വം നീങ്ങിക്കൊണ്ടിരുന്ന ഫെയ്ബുക്കിന് ഇതൊരു വലിയ തിരിച്ചടിയാണ്. അമേരിക്കയില്‍ 1998ല്‍ കൊണ്ടുവന്ന ഒരു നിയമമാണ് ഫെയ്‌സ്ബുക്കിന് ഇത്രയും കാലം കരുത്തു പകര്‍ന്നിരുന്നത്. അത് എടുത്തുകളയുന്ന കാര്യം ട്രംപ് ഭരണകൂടം പരിഗണിക്കുന്ന സമയത്താണ് പരസ്യദാതാക്കളുടെ ബഹിഷ്‌കരണമെന്നത് കമ്പനിക്ക് വലിയൊരു തിരിച്ചടി തന്നെയായിരിക്കാം.

ആര്‍ക്കും ആരെക്കുറിച്ചും എന്തും എഴുതിവിടാവുന്ന ഒരു വേദിയായി ഫെയ്‌സ്ബുക് മാറിയിരുന്നു. ഇത് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും രാജ്യങ്ങള്‍ക്കും വരെ കാര്യമായ പ്രതിസന്ധി ഉയര്‍ത്തിയിരുന്നു. ഹോണ്ട കമ്പനിയുടെ അമേരിക്കന്‍ വിഭാഗവും ഫെയ്‌സ്ബുക്കിന് തത്കാലം പരസ്യം നല്‍കുന്നില്ലെന്ന നിലപാട് എടുത്തു. മിക്ക കമ്പനികളും 30 ദിവസത്തേക്കാണ് പരസ്യങ്ങള്‍ നല്‍കില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടയില്‍ ഫെയ്‌സ്ബുക് തങ്ങളുയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുമെന്നാണ് അവര്‍ കരുതുന്നത്.

പരസ്യദാതാക്കള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളെക്കുറിച്ച് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒരു ചോദ്യോത്തരവേദി സംഘടിപ്പിച്ച് മറുപടി പറയുകയുണ്ടായി. എന്നാല്‍, ഇതിനു ശേഷം അദ്ദേഹം പ്രഖ്യാപിച്ചത് വളരെ ചെറിയ മാറ്റങ്ങളാണ് എന്നാണ് കമ്പനിയുടെ വിമര്‍ശകര്‍ പറയുന്നത്. അമേരിക്കയിലെ ആന്റി-ഡിഫമേഷന്‍ ലീഗ് തുടങ്ങിയ പൗരസംഘടനകളാണ് കമ്പനിക്കെതിരെ രംഗത്തുവന്നത്. ഇപ്പോള്‍ സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ച തരത്തിലുള്ള മാറ്റങ്ങള്‍ തങ്ങള്‍ കുറേ കണ്ടതാണെന്നും, കമ്പനിയുടെ ക്ഷമാപണം മുൻപും കേട്ടതാണെന്നും, ഫെയ്‌സ്ബുക്കിലൂടെ വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും എല്ലാം സംഭവിക്കുന്ന ഓരോ മഹാദുരന്തത്തിനു ശേഷവും തല്‍ക്കാലം കണ്ണില്‍പൊടിയിടാനുള്ള ഇത്തരം വേലത്തരങ്ങളുമായി കമ്പനി ഇറങ്ങിയിട്ടുണ്ടെന്നുമാണ് വിമര്‍ശകര്‍ പ്രതികരിച്ചത്. അതെല്ലാം ഇനിയങ് നിർത്തിയേക്കാനും അവര്‍ സക്കര്‍ബര്‍ഗിനോടു പറഞ്ഞു. ട്വിറ്റര്‍, റെഡിറ്റ് പ്ലാറ്റ്‌ഫോമുകളുടെയത്ര നിയന്ത്രണം പോലും ഫെയ്‌സ്ബുക് കൊണ്ടുവരുന്നില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഫെയ്‌സ്ബുക്കിനെതിരെ അമേരിക്ക കൊണ്ടുവന്നേക്കാവുന്ന നിയന്ത്രണങ്ങളും പരസ്യദാതാക്കളുടെ മനസിലുണ്ടെന്നാണ് പറയുന്നത്. അമേരിക്കയിലെ മൊത്തം ഡിജിറ്റല്‍ പരസ്യവരുമാനത്തിന്റെ 23 ശതമാനവും വിഴുങ്ങുന്നത് ഫെയ്‌സ്ബുക്കാണ്. എഫ്ബിക്ക് 300 കോടിയിലേറെ ഉപയോക്താക്കള്‍ ലോകത്താകമാനമായി ഉണ്ടെന്നാണ് വിലയിരുത്തല്‍. അടുത്തുവരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പടക്കം പലതിലും ഫെയ്‌സ്ബുക്കിന്റെ പ്രഭാവം കാണുമെന്നതും പലരിലും ഉത്കണ്ഠ ഉണര്‍ത്തുന്ന കാര്യങ്ങളാണ്.

Related Articles

Back to top button