InternationalLatest

ചൈനയെ വിശ്വാസമില്ല; സൈനിക വിന്യാസം ശക്തമാക്കി ഇന്ത്യ

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂദല്‍ഹി: സൈനിക പിന്മാറ്റത്തിന് കോര്‍ കമാന്‍ഡര്‍മാരുടെ യോഗത്തില്‍ ധാരണയായെങ്കിലും ചൈനയെ വിശ്വസിക്കേണ്ടതില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാരും സൈന്യവും. ചൈനീസ് അതിര്‍ത്തിയിലെ തന്ത്രപ്രധാന പോസ്റ്റുകളിലെല്ലാം സൈനിക വിന്യാസം ഇന്ത്യ ശക്തമാക്കി. ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയിലെ കൂടുതല്‍ മേഖലകളിലേക്ക് സൈന്യത്തെ നീക്കാനാണ് തീരുമാനം. യുദ്ധവിമാനങ്ങളുടെ നിരീക്ഷണ പറക്കലുകളും കിഴക്കന്‍ ലഡാക്കില്‍ വര്‍ധിപ്പിച്ചു. ഇന്ത്യ-ചൈന സൈന്യങ്ങള്‍ മുഖാമുഖം നില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പോസ്റ്റുകളില്‍ കരസേനാ മേധാവി ജനറല്‍ എം.എം നര്‍വണെ ഇന്നലെ സന്ദര്‍ശനം നടത്തിയതും ശ്രദ്ധേയമായി.

ജൂണ്‍ 6നും 22നും നടന്ന കോര്‍ കമാന്‍ഡര്‍ യോഗങ്ങളിലെ തീരുമാനങ്ങള്‍ നടപ്പാക്കുമോ എന്ന കാര്യത്തില്‍ ഇന്ത്യക്ക് സംശയങ്ങളുണ്ട്. അതിര്‍ത്തിയില്‍ ചൈനീസ് ഭാഗത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ യൂണിറ്റുകള്‍ വിന്യസിക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നു. ദൗലത് ബേഗ് ഓള്‍ഡിദേപ്‌സാങ് സെക്ടറില്‍ ചൈനീസ് സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ദൗലത് ബേഗ് ഓള്‍ഡിയില്‍ നിന്ന് 23 കിലോമീറ്റര്‍ മാത്രം അകലെ ചൈന പുതിയ സൈനിക പോസ്റ്റ് സ്ഥാപിച്ചു. ഇന്ത്യയുടെ തന്ത്രപ്രധാന എയര്‍ സ്ട്രിപ്പാണ് ദൗലത് ബേഗ് ഓള്‍ഡി. സി 130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് യുദ്ധവിമാനത്തില്‍ ദൗലത് ബേഗ് ഓള്‍ഡിയില്‍ ഇന്ത്യന്‍ സൈന്യം ടാങ്കുകള്‍ എത്തിച്ചതായും സൂചനയുണ്ട്.

ഗല്‍വാന്‍വാലി, പാങ്‌ഗോങ് തടാകം, ഹോട്ട്‌സ്പ്രിങ് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റം ധാരണയായെങ്കിലും ഇതിന്റെ സൂചനകളൊന്നും ഇവിടെ ലഭ്യമല്ല. ഗല്‍വാന്‍വാലിയിലെ പട്രോളിങ് പോയിന്റ് 14ല്‍ ചൈനീസ് സൈന്യം വീണ്ടും ടെന്റടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പാങ്‌ഗോങ് തടാകത്തിലെ ഫിംഗര്‍ 4വരെ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് ഇവര്‍ പിന്‍വാങ്ങാന്‍ വൈകുന്നത് പാങ്‌ഗോങ് തടാകക്കരയില്‍ ഇരുസൈന്യവും തമ്മിലുള്ള യുദ്ധത്തിന് വേദിയാവാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

Related Articles

Back to top button