KeralaLatest

കോവിഡിന് പുതിയ ലക്ഷണങ്ങളോ….

“Manju”

രജിലേഷ് കെ.എം.

റോം: പനി, ചുമ തുടങ്ങിയ പ്രകടമായ രോഗലക്ഷണങ്ങള്‍ക്ക് പുറമേ കാല്‍പാദവും കാല്‍വിരലുകളും നോക്കി കൊറോണ വൈറസ് ബാധിതരെ തിരിച്ചറിയാമെന്ന് ഇറ്റലിയിലെ ത്വക്‌രോഗ വിദഗ്ധര്‍. ‘കോവിഡ് ടോസ് ‘എന്നാണ് ഈ അവസ്ഥക്ക് മെഡിക്കല്‍ വിദഗ്ധര്‍ നല്‍കിയിരിക്കുന്ന പേര്. യൂറോപ്പിലെയും അമേരിക്കയിലെയും ത്വക്‌രോഗ വിദഗ്ധരാണ് ‘കോവിഡ് ടോസ്’ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇറ്റലിയില്‍ വൈറസ് ബാധയുണ്ടായ കുട്ടികളിലും ചെറുപ്പക്കാരിലും കാല്‍വിരലുകളിലും കാല്‍ പാദങ്ങളിലും വീക്കമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വൈറസ് ബാധിക്കുന്നവരുടെ അവയവങ്ങള്‍ക്ക് നിറം മാറ്റം ഉണ്ടാകുന്നുവെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. .

ഇറ്റലിയില്‍ കോവിഡ് -19 രോഗികള്‍ ഉള്ള പ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടെത്തിയത്. അതിനാലാണ് ഈ അവസ്ഥയ്ക്ക് ‘കോവിഡ് ടോസ്’ എന്ന്ആരോഗ്യവിദഗ്ധര്‍ പേര് നല്‍കിയത്. യുഎസില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ബോസ്റ്റണിലും മറ്റുചില പ്രദേശങ്ങളിലും’കോവിഡ് ടോസ്’റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ധ്രുവ പ്രദേശങ്ങളില്‍ കഠിനമായ ശൈത്യകാലത്ത് ജീവിക്കുന്ന ആളുകള്‍ക്കിടയില്‍ കണ്ടുവരുന്ന അവസ്ഥയായ ഫ്രോസ്റ്റ്‌ബൈറ്റ്, പെര്‍ണിയോ തുടങ്ങിയതിന് സമാനമാണിത്. ശൈത്യത്തെ തുടര്‍ന്ന് കാല്‍വിരലുകളിലെ രക്തക്കുഴലുകള്‍ക്ക് വീക്കം ഉണ്ടാവുകയും വിരലുകള്‍ക്ക് ശക്തമായ കോച്ചല്‍ അനുഭവപ്പെടുകയുമാണ് ചെയ്യുക.

അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജിയുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ‘കോവിഡ് ടോസുമായി ചികിത്സ തേടിയെത്തുന്ന കുട്ടികളോട് വൈറസ് പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഇറ്റലിയില്‍ കോവിഡ് 19 ബാധിതരായ ‘കോവിഡ് ടോസ്’ലക്ഷണങ്ങള്‍ കാണിച്ച കുട്ടികളില്‍ മറ്റു രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. ഏതായാലും കോവിഡ് ടോസ് ത്വക് രോഗ വിദഗ്ധര്‍ക്കിടയിലും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കിടയിലും സാമൂഹികമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് -19 രോഗികളെ തിരിച്ചറിയുക എന്നതാണ് നിലവില്‍ ലോകം നേരിടുന്ന വെല്ലുവിളി, അതിനാല്‍ ത്വക് രോഗ വിദഗ്ധരുടെ ഈ കണ്ടെത്തല്‍ ശാസ്ത്രീയമായ അവലോകനം ചെയ്യുകയാണെങ്കില്‍ ഒരുപക്ഷേ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെട്ടേക്കാം.

Related Articles

Leave a Reply

Back to top button