IndiaLatest

ആത്മനിർഭർ ഭാരത്’ പാക്കേജിന്റെ ഇന്നത്തെ പ്രഖ്യാപനം 7 മേഖലകളിൽ

“Manju”

ശ്രീജ.എസ്

 

ന്യൂഡൽഹി ∙ കോവിഡ് പ്രതിസന്ധിയിൽനിന്നു രാജ്യത്തു കരകയറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിർഭർ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആരംഭിച്ചു.

∙ഇന്നത്തെ പ്രഖ്യാപനങ്ങൾ താഴെപ്പറയുന്ന ഏഴ് മേഖലകളുമായി ബന്ധപ്പെട്ടതാണ്.

1) തൊഴിലുറപ്പ് പദ്ധതി
2) ഗ്രാമീണ–നഗര മേഖലകളുടെ ആരോഗ്യം, വിദ്യാഭ്യാസം
3) കമ്പനീസ് ആക്ട് ലളിതമാക്കൽ
4) കോവിഡ് കാലത്തെ ബിസിനസ്
5) സംരംഭങ്ങൾ എളുപ്പത്തിൽ നടപ്പാക്കൽ
6) പൊതുമേഖല സ്ഥാപനങ്ങൾ
7) സംസ്ഥാനങ്ങൾക്കുള്ള പ്രഖ്യാപനം

∙ ജനങ്ങളുടെ ജീവനും ജീവനോപാധികൾക്കും പരിരക്ഷ ഉറപ്പാക്കുകയാണ് ഇനി സർക്കാരിന്റെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ ആഹ്വാന പ്രകാരമാണ് തുടർ പദ്ധതികളെല്ലാം.

∙ 8.19 കോടി കർഷകരിലേക്ക് 2000 രൂപ വീതം എത്തിച്ചു, ആകെ ചെലവിട്ടത് 16,394 കോടി രൂപ.

∙ നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പദ്ധതി പ്രകാരം വയോജനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ 1405 കോടിയും രണ്ടാം ഘട്ടത്തിൽ1402 കോടിയും ലഭ്യമാക്കി. 3000 കോടി രൂപ ആകെ ലഭ്യമാക്കുകയാണു ലക്ഷ്യം.

∙ ലോക്ഡൗൺ ആരംഭ സമയത്ത് ജനങ്ങളുടെ ജീവനാണു പ്രഥമ പ്രാധാന്യം നൽകിയത്. അതിനാലാണ് അവശ്യവസ്തുക്കൾ കൃത്യമായി എത്തിക്കാൻ ശ്രമിച്ചത്. ലോക്ഡൗണിനെ തുടർന്ന് തിരികെ പോകുന്നവർക്ക് ട്രെയിനിൽ ഉൾപ്പെടെ ഭക്ഷണം ഉറപ്പാക്കി. സഹായം ലഭ്യമാക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ് ഇനി.
∙ പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജൻധൻ അക്കൗണ്ടിലൂടെ 20 കോടി പേർക്കാണ് സഹായമെത്തിച്ചത്. നേരിട്ട് അക്കൗണ്ടിലേക്കു പണമെത്തുകയായിരുന്നു. ഇതുവഴി നൽകിയത് 10,025 കോടി രൂപ.
∙ലോക്‌ഡൗണിനു പിന്നാലെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജനങ്ങൾക്ക് അവശ്യവസ്തുക്കളെത്തിച്ചു. അതു സഹായമല്ല, കേന്ദ്രത്തിന്റെ കടമയാണ്. ഭക്ഷ്യവസ്തുക്കൾ കൃത്യമായി എത്തിച്ചതിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കും വിവിധ സംസ്ഥാനങ്ങൾക്കും ധനമന്ത്രി അഭിനന്ദനം അറിയിച്ചു. ലോക്ഡൗണിനിടയിലും എഫ് സി ഐ കാര്യക്ഷമമായി പ്രവർത്തിച്ചു.

നാലാംദിനത്തിൽ ബഹിരാകാശം, കൽക്കരി, പ്രതിരോധം, വ്യോമയാനം തുടങ്ങിയ മേഖലകളിൽ ഊർജിത സ്വകാര്യവൽക്കരണത്തിനായിരുന്നു കേന്ദ്ര തീരുമാനം. ഏതാനും വർഷങ്ങളായി പരിഗണനയിലുള്ള സ്വകാര്യവൽക്കരണ പദ്ധതികളാണ് കോവിഡ് നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചത്. പ്രതീക്ഷിക്കുന്ന വരുമാനവും മുതൽമുടക്കും ചേർത്താൽ ഏകദേശം 82,000 കോടി രൂപയുടേതാണു പദ്ധതികൾ. കാർഷികോൽപന്ന വിപണിയിൽ ഉദാരവൽക്കരണത്തിന് അവശ്യസാധന നിയമം ഉൾപ്പെടെ ഭേദഗതി ചെയ്യാനുള്ളതായിരുന്നു മൂന്നാം ദിവത്തെ കേന്ദ്ര തീരുമാനം.

കാർഷിക മേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിധി ഉൾപ്പെടെയുള്ള പദ്ധതികളും പ്രഖ്യാപിച്ചു. കൃഷി, കന്നുകാലി, മത്സ്യ മേഖലകളിലായി മൊത്തം 1.54 ലക്ഷം കോടിയുടെ പദ്ധതികൾ. ചെറുകിട കർഷകർക്കും വഴിയോരക്കച്ചവടക്കാർക്കും അതിഥിത്തൊഴിലാളികൾക്ക് ഉൾപ്പെടെ 2.46 ലക്ഷം കോടി രൂപയുടെ പദ്ധതികളായിരുന്നു രണ്ടാം ദിനത്തിൽ പ്രഖ്യാപിച്ചത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) 3.7ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ആദ്യഘട്ടമായി ധനമന്ത്രി പ്രഖ്യാപിച്ചത്.

Related Articles

Back to top button