325 കിലോമീറ്റര്‍ താണ്ടി മാര്‍ത്താണ്ഡം സ്വദേശി

രജിലേഷ് കെ.എം.
തിരുവനന്തപുരം: വെയിലോ വിജനമായ തെരുവുകളോ ഒന്നും രമേശിന്റെ യാത്രയ്ക്ക് തടസമായില്ല. സംസ്ഥാന, ജില്ല അതിര്‍ത്തികള്‍ അടച്ചതും തടസ്സമായില്ല. സ്വന്തം വീട്ടിലെത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ രമേശിന്റെ മനസില്‍ ഉണ്ടായിരുന്നുള്ളു. ഒമ്പത് ദിവസം കൊണ്ട് പിന്നിട്ടത് 325 കിലോമീറ്ററുകളാണ്. പൊള്ളാച്ചിയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ ഒരു കുപ്പി വെള്ളം മാത്രമായിരുന്നു രമേശിന്റെ കയ്യിലുണ്ടായിരുന്നത്.
രമേശിന്റെ വീട് മാര്‍ത്താണ്ഡത്താണ്. പക്ഷേ വീട്ടിലെത്താന്‍ രമേശിനായില്ല. വീട്ടിലേക്ക് 90 കിലോമീറ്റര്‍ കൂടി ദൂരം ബാക്കി നില്‍ക്കെ രമേശിനെ പോലീസ് പിടികൂടി. തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ പരിശോധന നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയില്‍ രമേശ് പെടുകയായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രമേശിനെ പൊലീസ് നിരീക്ഷണത്തിലാക്കി. ഇനി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷമേ രമേശിന് വീട്ടിലെത്താനാവൂ.
പൊള്ളാച്ചിയില്‍ സ്വകാര്യ ഫാം ഹൗസിലെ താത്കാലിക ജീവനക്കാരനാണ് മാര്‍ത്താണ്ഡം സ്വദേശിയായ രമേശ്(32). ലോക്ഡൗണ്‍ തുടങ്ങിയതോടെ ജോലി നഷ്ടമായി. ആദ്യം 14 വരെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ വീണ്ടും നീട്ടിയതോടെയാണ് വീട്ടിലേക്കു നടന്നു പോകാന്‍ തീരുമാനിച്ചതെന്നാണ് രമേശ് പൊലീസിനോടു പറഞ്ഞു. ഏപ്രില്‍ 15നാണ് പൊള്ളാച്ചിയില്‍നിന്നു യാത്ര തുടങ്ങിയത്.
വഴിയില്‍നിന്നു ലഭിക്കുന്ന പൊതിച്ചോറുകള്‍ മാത്രമായിരുന്നു ആശ്രയം. വ്യാഴാഴ്ച രാവിലെയാണ് കടമ്പാട്ടുകോണത്തുനിന്ന് രമേശിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചു പരിശോധിച്ച ശേഷം മാര്‍ ഇവാനിയോസ് കോളേജിലെ നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റി. നാട്ടിലേക്കെത്താന്‍ കേരളത്തിലൂടെയുള്ളത് ഏറ്റവും ദൂരം കുറഞ്ഞ വഴിയായതിനാലാണ് ഇതു തെരഞ്ഞെടുത്തതെന്ന് രമേശ് പറഞ്ഞു.