KeralaLatest

ജനകീയാസൂത്രണ രജത ജൂബിലി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

“Manju”

എറണാകുളം : കേരള വികസന ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 17 ന് തുടക്കമാവും. ഒരു വര്‍ഷം നീളുന്ന വിപുലമായ പരിപാടികള്‍ ആണ് രജത ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്നത്. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ആഗസ്റ്റ് 17 ന് വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനാകും.

രജത ജൂബിലി ആഘോഷങ്ങളുടെ ജില്ല തല ഉദ്ഘാടനം വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വ്വഹിക്കും. ആഗസ്റ്റ് 17 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ജില്ല പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളിലെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമാരെ ആദരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങ് സംഘടിപ്പിക്കുന്നത്. സ്ഥലം എം.പി ഹൈബി ഈഡന്‍, എം.എല്‍.എ പി.ടി തോമസ്, ജില്ല കളക്ടര്‍ ജാഫര്‍ മാലിക്ക്, എന്നിവര്‍ ചടങ്ങിന്റെ ഭാഗമാവും.

ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും രജത ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം എല്ലാ തദ്ദേശ സ്ഥാപനവും പ്രത്യേകവേദികളില്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണ വഴികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും . മുന്‍ അധ്യക്ഷരെയും ജനപ്രതിനിധികളെയും ചടങ്ങില്‍ ആദരിക്കും.

Related Articles

Back to top button