ഐടി ഭീമന്മാരെ മുട്ടുകുത്തിച്ച നാപ്പിനായി

രജിലേഷ് കെ.എം.
തിരുവനന്തപുരം : സ്പ്രിംഗ്‌ളര്‍ കേസില്‍ കേരള സര്‍ക്കാരിന് വേണ്ടി ഈ മാസം 24 ന് ഹൈക്കോടതിയില്‍ വിഡീയോ കോണ്‍ഫറന്‍സ് വഴി ഹാജരായ എന്‍.എസ് നാപ്പിനായി സുപ്രീം കോടതിയിലും മുംബൈ ഹൈക്കോടതിയിലുമായി 29 വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന ഐടി വിദഗ്ദ്ധയായ അഭിഭാഷകയാണ്. നിരവധി കേസുകളില്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ് കമ്പനികളെ സുപ്രീം കോടതിയില്‍ മുട്ടുകുത്തിച്ച പാരമ്പര്യവും നാപ്പിനായിക്കുണ്ട്.
മഹാരാഷ്ട്ര സൈബര്‍ പോലീസിന്റെ ഔദ്യോഗിക ഉപദേഷ്ടാവായ എന്‍.എസ് നാപ്പിനായി ഇന്ത്യയില്‍ സൈബര്‍ നിയമം തയാറാക്കുന്നതില്‍ മുഖ്യ പങ്കാളിയായിരുന്നു. സൈബര്‍ നിയമ വിദഗ്ദ്ധയായ അഡ്വ. എന്‍ എസ് നാപ്പിനായി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, പോലീസുകാര്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍ തുടങ്ങിയവര്‍ക്ക് സൈബര്‍ നിയമത്തില്‍ പരിശീലനം നല്‍കുന്നുണ്ട്.
സൈബര്‍ ഇടങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന ‘സൈബര്‍ സ്വാതി’ എന്ന സംഘടനയുടെ സ്ഥാപകയാണ്. അമിക്കസ് ക്യൂറിയായിരിക്കെ ബലാത്സംഗത്തിനിരയാവുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കാന്‍ ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹു തുടങ്ങിയ കമ്പനികള്‍ വേണ്ടത്ര ശ്രദ്ധ നല്‍ക്കിയില്ലെന്ന് കാണിച്ച് നാപ്പിനായി സുപ്രീം കോടതിയെ സമീപ്പിച്ചത് അന്ന് ഏറെ ശ്രദ്ധേയമായിരുന്നു.
ബലാത്സംഗ ദൃശ്യങ്ങളും കുട്ടികള്‍ ഇരകളായ പീഡനദൃശ്യങ്ങളും ഇന്റര്‍നെറ്റിലും സാമൂഹ്യമാദ്ധ്യമങ്ങളിലും അപ്‌ലോഡ് ചെയ്യുന്നത് തടയണമെന്നും നിലവിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ നീക്കാന്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും എന്‍.എസ് നാപ്പിനായി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് 24 മണിക്കൂറിനകം ഈ പ്രകാരമുള്ള ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കാണിച്ച് സുപ്രീംകോടതി ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹു തുടങ്ങിയ കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഈ വിഷയങ്ങളില്‍ തങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താമെന്ന് കാണിച്ച് ഈ കമ്പനികള്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ജസ്റ്റിസ് യു യു ലളിത് എന്നിവര്‍ അംഗങ്ങളായ ബഞ്ചിന് മുമ്പാകെ അന്ന് വിശദീകരണം നല്‍കിയിരുന്നു.