
രജിലേഷ് കെ.എം.
കൊല്ലം: കൊവിഡ് പശ്ചാത്തലത്തിൽ തൃശൂർ റേഞ്ച് പൊലീസ് പൊലീസ് തയ്യാറാക്കിയ ‘നൂപുരം’ ഹ്രസ്വ ചിത്രം ഹിറ്റ്. ലോക്ക് ഡൗൺ കാലയളവിൽ മുലകുടി മാറാത്ത കുഞ്ഞിന്റെ അരികിൽ നിന്നും ഡ്യൂട്ടിയ്ക്ക് പോകുന്ന വനിതാ സിവിൽ പൊലീസ് ഓഫീസറെ പ്രധാന കഥാപാത്രമാക്കിയാണ് ഏഴ് മിനിട്ട് ദൈർഘ്യമുള്ള ചിത്രമൊരുക്കിയത്. അമ്മ ഡ്യൂട്ടിയ്ക്കായി ഇറങ്ങുമ്പോൾ വാവിട്ട് കരയുകയാണ് കുഞ്ഞ്. സാന്ത്വനിപ്പിക്കാനുള്ള അച്ഛന്റെ ശ്രമങ്ങൾക്ക് ഫലമുണ്ടാകുന്നുമില്ല. വഴിയോരത്ത് ഡ്യൂട്ടിയ്ക്കിടെ കൈകാണിച്ച് നിർത്തിയ കാറിലിരുന്ന് ഒരമ്മ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോവുകയാണെന്ന് പറയുമ്പോൾ വനിതാ പൊലീസുകാരിയുടെ കണ്ണുകളിൽ നനവ് പടരുന്നുണ്ട്. തിരികെ വീട്ടിലെത്തുമ്പോൾ ഓടിച്ചെന്ന് കുഞ്ഞിനെ വാരിപ്പുണർന്ന് നെറുകയിൽ മുത്തം നൽകാൻ വെമ്പുന്നുണ്ടെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ കുളിച്ച് ശുദ്ധിവരുത്താൻ പോകുന്നതുമായ അനുഭവങ്ങളാണ് ചെറു ചിത്രത്തിൽ വ്യക്തമാക്കുന്നത്.
തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്.സുരേന്ദ്രൻ കഥയും തിരക്കഥയുമെഴുതിയ ചിത്രം സംവിധാനം ചെയ്തത് ടോണി ചിറ്റേറ്റുകാലമാണ്. കൊവിഡ് പശ്ചാത്തലത്തിൽ പൊതുസമൂഹത്തിന്റെ കരുതൽ മുൻ നിർത്തി ജോലിയിൽ വ്യാപൃതരായിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ടുമായി നടി മഞ്ജുവാര്യരും ചിത്രത്തിന്റെ അവസാന ഭാഗത്ത് എത്തുന്നുണ്ട്. മോഹൻ സിതാരയും വിഷ്ണു മോഹൻ സിതാരയുമാണ് സംഗീതം നൽകിയത്. ഇത്തിരിനേരംകൊണ്ട് പൊലീസിന്റെ സേവനവും ജോലിഭാരവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും കൊവിഡ് ബോധവത്കരണവും നടത്തുവാൻ കഴിഞ്ഞതാണ് ചിത്രത്തിന്റെ നേട്ടമെന്നാണ് വിലയിരുത്തൽ.